തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതിനെ ന്യായീകരിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ രൂക്ഷ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഷംസീര്‍ അങ്ങനെ പറയരുതായിരുന്നുവെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു.
ആര്‍.എസ്.എസ് ഒരു കാലത്ത് നിരോധിച്ച സംഘടനയാണ്. ഷംസീറിനെ പോലുള്ള ഒരാള്‍ അത്തരം പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഊഴം വച്ച് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത് എന്തിനെന്നും കൂടിക്കാഴ്ചയുടെ പൊരുള്‍ അറിയാന്‍ അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതില്‍ തെറ്റില്ലെന്നാണ് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇന്നലെ കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. വ്യക്തികള്‍ പരസ്പരം കാണുന്നതില്‍ തെറ്റില്ലല്ലോ. സുഹൃത്താണ് കൂട്ടിക്കൊണ്ടുപോയതെന്ന് അജിത് കുമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.