മലപ്പുറം: വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീയിട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽ പോയ വേങ്ങര കണ്ണമംഗലം സ്വദേശി ദേവരാജാണ് തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള ബന്ധുവീട്ടിൽ നിന്ന് പോലീസ് പിടിയിലായത്.

കൃത്യം ചെയ്തത് മദ്യലഹരിയിലായിരുന്നെന്നാണ് ദേവരാജ് പോലീസിന് നൽകിയ മൊഴി. തീയിട്ട ശേഷം തെളിവുകൾ നശിപ്പിക്കാനായി സിസിടിവി ക്യാമറകൾ തകർത്തുവെന്നും പ്രതി സമ്മതിച്ചു. കഴിഞ്ഞ മാസം 20-നാണ് ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്.

പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ ഇത് മനഃപൂർവ്വം ചെയ്തതാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതി വാതിൽ തുറന്ന് അകത്ത് കയറുന്നതും ഓഫീസ് സാമഗ്രികൾ തകർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സിപിയു, മോണിറ്ററുകൾ എന്നിവ തള്ളിയിടുകയും സോഫ, കസേര, അലമാര എന്നിവ ചവിട്ടി ഒടിക്കുകയും ചെയ്ത ശേഷം ഇയാൾ തീയിടുകയായിരുന്നു. ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് പോലീസ് ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയത്.

നാല് യുവ സംരംഭകർ ചേർന്ന് ആരംഭിച്ച ഈ ഫുഡ് ഫാക്ടറി നവംബർ 20-ന് ഉദ്ഘാടനം നടത്താനിരിക്കെയായിരുന്നു ആക്രമണം. കമ്പ്യൂട്ടറുകളും ഓഫീസ് സാമഗ്രികളും ഉൾപ്പെടെ ഏകദേശം 15 ലക്ഷം രൂപയുടെ വസ്തുക്കൾ കത്തിനശിച്ചതായാണ് സംരംഭകർ അറിയിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *