വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ വാസനകളും തൊഴില്‍ നൈപുണ്യവും വളര്‍ത്തിയെടുക്കുന്നതിനായി വടകര ലോക്സഭാ മണ്ഡലത്തില്‍ ആവിഷ്കരിച്ച സ്റ്റാര്‍ട്ടപ്പ് ഈ പ്ലസ് പദ്ധതി കൊയിലാണ്ടി ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പില്‍ എം.പി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച സ്റ്റാര്‍ട്ടപ്പ് വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാര്‍ഥികളുടെ ലളിതമായ ആശയങ്ങളെപ്പോലും വിജയകരമായ സംരംഭങ്ങളാക്കി മാറ്റാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠനത്തോടൊപ്പം കഠിനാധ്വാനവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടെങ്കില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഞ്ച് ഘട്ടങ്ങളിലായാണ് വിപുലമായ സംരംഭകത്വ പ്രോത്സാഹന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ വടകര ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും സ്റ്റാര്‍ട്ടപ്പ് ക്ലബ്ബുകള്‍ രൂപീകരിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തനം കേരളത്തിലെ പ്രധാന കോളേജുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി സജ്ജീകരിച്ച സ്റ്റാര്‍ട്ടപ്പ് വാഹനം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വിദ്യാര്‍ഥികളുടെ പുതിയ ആശയങ്ങള്‍ സ്വീകരിക്കുകയും പ്രചോദനാത്മക സെഷനുകളും കരിയര്‍ ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്യും.

തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഐഡിയ ഹാക്കത്തോണും, അവയെ പ്രായോഗിക ബിസിനസ് സംരംഭങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും സംഘടിപ്പിക്കും. പദ്ധതിയുടെ അഞ്ചാം ഘട്ടത്തില്‍ ഐ.ഐ.എം., എന്‍.ഐ.ടി., കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, വ്യവസായ വകുപ്പ് എന്നിവയുടെ പിന്തുണയോടെ നിക്ഷേപകരെ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റും നടക്കും. ബിസിനസ് രംഗത്തെ വിദഗ്ധരെയും വിജയകരമായ സംരംഭകരെയും പങ്കാളികളാക്കിക്കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പിന്തുണയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉറപ്പാക്കുകയാണ് പദ്ധിതിയിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനുമായി പ്രത്യേക സ്റ്റാര്‍ട്ടപ്പ് ഈ+ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ലോഗോ നടന് മമ്മൂട്ടി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ചലച്ചിത്ര താരം ബേസില്‍ ജോസഫാണ് സംരംഭത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍.
ചടങ്ങില്‍ എം.എല്‍.എ.മാരായ അഡ്വ. കെ. പ്രവീണ്‍ കുമാര്‍, ഫാത്തിമ തഹ്ലിയ, കെ.കെ. രമ, കെ.എം. അഭിജിത്ത്, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ യു.കെ. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. റൂറല്‍ പോലീസ് കമ്മീഷ്ണര്‍ മെറിന് ജോസഫ് വിദ്യാര്‍ഥികള്‍ക്ക് തൂഫാന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിന്‍സിപ്പല്‍ കെ.കെ. സുധാകരന്, ഹെഡ്മിസ്ട്രസ് ടി. ഷാജിത, പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
