ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ട് വിവരങ്ങള്‍ കൈമാറാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളില്‍ വിവരങ്ങള്‍ കൈമാറാനാണ് കോടതി നിര്‍ദേശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്.
ബോണ്ട് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന സുപ്രിംകോടതി വിധി വന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും അത് നടപ്പാക്കുന്നതിന് എന്ത് നടപടിയാണ് എസ്.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സുപ്രിംകോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എസ്.ബി.ഐയുടെ മുംബൈ ബ്രാഞ്ചില്‍ ഉണ്ടെന്നും അത് പരസ്യപ്പെടുത്താനാണ് നിര്‍ദേശിച്ചിരുന്നതെന്നും കോടതി പറഞ്ഞു.