പരുന്തുംപാറയിൽ നിരോധനാജ്ഞ നിലവിലുള്ള സർവേ നമ്പരിൽപ്പെട്ട ഭൂമിയിൽ ഒരു നിർമ്മാണവും പാടില്ലെന്ന കളക്ടറുടെ നിർദ്ദേശം ലംഘിച്ച് കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസെടുത്ത് പൊലീസ്. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാസ്റ്റർ സജിത്ത് ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പീരുമേട് തഹസിൽദാരുടെ പരാതിയിലാണ് വണ്ടിപ്പെരിയാർ പൊലീസ് കേസെടുത്തത്.സ്റ്റോപ്പ് മെമ്മോ ലംഘിച്ച് കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കോൺക്രീറ്റ് കുരിശ് ഇന്നലെ റവന്യു ഉദ്യോഗസ്ഥർ പൊളിച്ചു നീക്കിയിരുന്നു. നിയമസഭയിൽ വാഴൂർ സോമൻ എം.എൽ.എ ഇന്നലെ രാവിലെ കൈയേറ്റ വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. പൊലീസ് സുരക്ഷയിൽ മൂന്നുമണിക്കൂറോളമെടുത്താണ് പൊളിച്ചു മാറ്റിയത്. മറ്റൊരു സ്ഥലത്തുവച്ച് നിർമ്മിച്ച കുരിശ് വെള്ളിയാഴ്ചയാണ് തേയിലത്തോട്ടത്തിന് നടുവിലെ കൈയേറ്റഭൂമിയിൽ സ്ഥാപിച്ചത്. ശനിയും ഞായറും അവധിയാണെന്നത് മുന്നിൽക്കണ്ടായിരുന്നു ഇത്.പരുന്തുംപാറയിൽ 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് കൈയേറി റിസോർട്ട് നിർമ്മിച്ചതായി കണ്ടെത്തി നേരത്തെ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ ഫെബ്രുവരി 27ന് ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തുടർന്ന് കൈയേറ്റം ഒഴിപ്പിക്കുന്നതിനായി കളക്ടർ വി.വിഗ്‌നേശ്വരി പീരുമേട് താലൂക്കിൽ രണ്ടുമാസം നിരോധനാജ്ഞ പുറപ്പെടുവിച്ചു. കൈയേറ്റം ഒഴിപ്പിക്കാൻ ഇടുക്കി സബ് കളക്ടറുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘത്തെയും നിയോഗിച്ചു. കൈയേറ്റക്കാർക്ക് സ്റ്റോപ്പ് മെമ്മോയും നൽകി. ഇത് അവഗണിച്ചായിരുന്നു കുരിശ് സ്ഥാപിച്ചത്. കയ്യേറ്റ ഭൂമിയിൽ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് നടപടി ശക്തമാക്കാനൊരുങ്ങുകയാണ് റനവ്യൂ വകുപ്പ്. സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ഡിജിറ്റൽ സർവേ നടത്തും. പട്ടയം കിട്ടിയ ഭൂമിയുടെ രേഖകളും പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *