തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം ഈ മാസം ആരംഭിക്കും. ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് മുഖ്യമന്ത്രി തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയെ അറിയിച്ചത്. നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കെ രാജന്‍ അറിയിച്ചു. ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ക്രൂരമായ സമീപനമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. നമ്മള്‍ ഇന്ത്യക്ക് അകത്ത് ഉള്ളവരല്ലെന്ന തരത്തിലാണ് ഇടപെടലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മാത്രം ഉള്‍പ്പെട്ടിട്ട് ഇതുവരെ പട്ടിക തയ്യാറാക്കിയില്ലെന്നും പിന്നെങ്ങനെ പറയാതിരിക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ബില്‍ ഇപ്പോഴും ദുരിത ബാധിതര്‍ക്ക് വരുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു.