കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്. മകള്‍ ഭര്‍തൃവീട്ടുകാരുടെ കസ്റ്റഡിയിലെന്ന് അച്ഛന്‍ ഹരിദാസന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഭര്‍തൃവീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയതിന്റെ പേരിലാണ് മകള്‍ അത്തരം കാര്യങ്ങള്‍ പറയുന്നത്. മകള്‍ക്ക് മാനസികമായി ചില പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്’. കുടുംബത്തിന്റെ ഭാഗത്തുനിന്ന് ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ലല്ലെന്നും പിതാവ് പറഞ്ഞു.

‘അവളുടെ കഴുത്തിലെ പാടുകള്‍,മൂക്കില്‍ നിന്ന് രക്തം വന്നതിന്റെ അടയാളങ്ങള്‍,തലയിലെ മുഴ, ഇതൊന്നും ഞങ്ങള്‍ സൃഷ്ടിച്ചതല്ലല്ലോ..ഇതൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അവള്‍ പറയുന്നത്. ഞങ്ങള്‍ ഇതൊക്കെ കണ്ടതാണ്. ഇന്നത് അവള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് സമ്മര്‍ദം മൂലമാണ്’. രക്ഷപ്പെടാന്‍ ഇതുമാത്രമാണ് വഴിയെന്ന് മനസിലാക്കിയ രാഹുല്‍ ചെയ്യിപ്പിക്കുന്നതാണ് ഇതെന്നും പിതാവ് ആരോപിച്ചു.

‘ഞങ്ങളുടെ മകളാണ് അവള്‍.ഈ ദിവസം വരെ അവളെ സംരക്ഷിച്ചു.അവളിങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു.രഹസ്യമൊഴികൊടുക്കാന്‍ പോയപ്പോഴും മകള്‍ മറ്റൊരു എതിര്‍പ്പും പറഞ്ഞില്ല. ഇന്നലെയാണ് മകള്‍ മിസ്സിംഗ് ആണെന്ന് മനസ്സിലാക്കിയത്. ഫോണില്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് ഓഫീസിലേക്ക് വിളിച്ചപ്പോഴാണ് അവധിയിലാണെന്ന് മനസ്സിലായത്.മകളെ നഷ്ടപ്പെടാന്‍ പാടില്ലെന്നും തുടര്‍നടപടികള്‍ കൂടിയാലോചിച്ച് ചെയ്യുമെന്ന് പിതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *