പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതികൾക്ക് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.കോടതിയിൽ ഹാജരായ മൂന്നു പ്രതികളിൽ രണ്ടു പേർക്ക് ആണ് ജാമ്യം അനുവദിച്ചത്. മൂന്നാം പ്രതി റഹന എം കെ ഹാജരാവാത്തതിനാൽ ജാമ്യം ലഭിച്ചില്ല. രണ്ടും നാലും പ്രതികൾക്ക് ആണ് ഇന്ന് ജാമ്യം ലഭിച്ചത്.കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രറ്റ് അബ്ദുൽ സത്താർ വി പി ആണ് ജാമ്യം നൽകിയത്. അഡ്വക്കേറ്റ് എം എസ് സജീവ് ആണ് മൂന്നും നാലും പ്രതികൾക്കായി കോടതിയിൽ ഹാജറായത്.അതേസമയം ഒന്നും രണ്ടും പ്രതികളായ ഡോ. രമേശൻ സി കെ, ഡോ.ഷബ്‌ന എം എന്നിവർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് ശ്യാം പത്മൻ ഹാജരായി.എന്നാൽ മജീസ്ട്രറ്റ് പ്രതികളോട് ക്ഷുഭിതനായി. പ്രതികൾ കോടതിയിൽ നിവർന്ന് നിൽക്കാതെ അലംഭാവത്തോടുകൂടി നിന്നതാണ് അദ്ദേഹത്തെ ക്ഷുഭിതനാക്കിയത്. നിങ്ങൾ നിൽക്കുന്നത് ആശുപത്രിയിൽ അല്ല എന്നബോധം വേണം അദ്ദേഹം ഓർമ്മപ്പെടുത്തി. കൂടാതെ മൂന്നാം പ്രതി ഹാജരാവാത്തതിന് മജീസ്ട്രറ്റ് വിമർശനം ഉന്നയിക്കുകയും പ്രതിയ്ക്ക് എതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം സംഭവത്തിലെ ഇരയായ ഹർഷിനയുടെ തുടർചികിത്സക്കായി ക്രൗഡ് ഫണ്ടിങ് ആരംഭിക്കാൻ ഹർഷിന സമര സമിതി തീരുമാനിച്ചത് കഴിഞ്ഞ മാസം ആയിരുന്നു.ചികിത്സയ്ക്കും കേസ് മുന്നോട്ട് കൊണ്ടുപോവാനുമുള്ള പണം ശേഖരിച്ചാൽ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും സമിതി അറിയിച്ചിരുന്നു.ഹർഷിനയുടേയും സമരസമിതിഭാരവാഹികളുടേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം സമാഹരിക്കുന്നത്.വയറിനുള്ളിൽ നിന്നും കത്രിക നീക്കം ചെയ്ത ഭാഗത്ത് വേദന കടുത്തതോടെയാണ് ഹർഷിന വീണ്ടും വിദഗ്ദ പരിശോധനയ്ക്ക് വിധേയയായത്. കത്രിക നീക്കം ചെയ്ത ഭാഗത്തെ ഗ്രോത്ത് നീക്കം ചെയ്യാൻ വീണ്ടും ശസ്ത്രക്രിയ ആവശ്യമായുണ്ട്. തുടർചികിത്സയ്ക്ക് വരുന്ന ചിലവ് താങ്ങാൻ വയ്യാതായതോടെയാണ് ഹർഷിന സമര സമിതി ക്രൗഡ് ഫണ്ടിങ് തുടങ്ങാൻ തീരുമാനിച്ചത്. തുടർചികിത്സയുടെ ചിലവ് സർക്കാർ വഹിക്കണം എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയയ്ക്കാനും ഹർഷിന സമര സമിതി തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *