ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരണത്തിന് എതിരെ ശിവസേന സമര്‍പ്പിച്ച ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ല എന്ന് സുപ്രീംകോടതി അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ഭരണഘടന ബെഞ്ച് രൂപികരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ബെഞ്ച് രൂപികരിക്കാന്‍ സമയമെടുക്കുമെന്നും ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതേസമയം കോടതി വിധി വരുന്നത് വരെ അയോഗ്യത വിഷയത്തില്‍ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി സ്പീക്കറോട് നിര്‍ദേശിച്ചു. ഇക്കാര്യം പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിനെ അറിയാക്കാന്‍ ഗവര്‍ണറിനായി ഹാജരായ സോളിസിറ്റര്‍ ജനറലിനെ കോടതി ചുമതലപ്പെടുത്തി.

ശിവസേനയിലെ ഇരു വിഭാഗങ്ങളും എതിര്‍ വിഭാഗത്തില്‍ പെട്ടവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, സ്പീക്കര്‍ തെരെഞ്ഞെടുപ്പ് ഉള്‍പ്പടെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തില്ല. ഇക്കാര്യം ശിവസേനയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ അല്‍പ്പ സമയംകൂടി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തുടര്‍ന്നാണ് അയോഗ്യത സംബന്ധിച്ച് തിടുക്കത്തില്‍ തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *