കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ചു. സീനിയർ ഡിവിഷണൽ സേഫ്റ്റി ഓഫീസർ ബെന്നി വർഗീസിന്റെ നേതൃത്വത്തിൽ ആയിരിക്കും സംഭവത്തിൽ അന്വേഷണം നടക്കുക.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ക്ലോക്ക് ടവറിന്റെ ഒരു ഭാഗം തകര്‍ന്നു വീണത്. സംഭവ സമയത്ത് യാത്രക്കാരോ, ജീവനക്കാരോ ഈ ഭാഗത്ത് ഇല്ലാത്തിനാലാണ് വൻ ദുരന്തം ഒഴിവായത്.സംഭവത്തില്‍ ഗുരുതര അനാസ്ഥ സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചു. നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്ന് മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്.

റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗുരുതരമാണ്. 150 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം.

തകര്‍ന്ന ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. നിലവില്‍ ഘട്ടം ഘട്ടമായാണ് കെട്ടിടം പൊളിച്ചു നീക്കുന്നത്. കെട്ടിടം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകൂ. രണ്ട്, മൂന്ന് ട്രാക്കുകള്‍ അടച്ചിട്ടതിനാല്‍ ഇന്നും ട്രെയിനുകള്‍ വൈകി ഓടും. നിലവില്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്ന്, നാല് ട്രാക്കുകളിലൂടെയാണ് ട്രെയിനുകള്‍ ഓടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *