ആലപ്പുഴ: മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന മുതിർന്ന നേതാവ് ജി സുധാകരന്റെ വിവാദ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. എത്ര പെട്ടെന്നാണ് മനുഷ്യരുടെ വിശപ്പിന്റെ വില ചിലർ മറന്നുപോകുന്നത് എന്ന് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചു. മുൻപ് ഡിവൈഎഫ്ഐയുടെ ഭക്ഷണവിതരണത്തെ പ്രശംസിച്ചിരുന്ന ജി. സുധാകരൻ ഇപ്പോൾ വലതുപക്ഷത്തിന്റെ കുഴലൂത്തുകാരനായി മാറിയെന്നും, നിലപാടുകളിലെ ഈ മാറ്റം സുധാകരനെ സ്വയം അപഹാസ്യനാക്കുകയാണെന്നും പാർട്ടി നേതാക്കൾ വിമർശിച്ചു.

ആശുപത്രികളിൽ സംഘടനകൾ അന്നദാനം നടത്തരുതെന്നും, ചോറും കഞ്ഞിയും കൊടുത്ത് അതിന്റെ പേരിൽ രാഷ്ട്രീയ കൊടി കെട്ടുന്ന പണി അവസാനിപ്പിക്കണമെന്നുമായിരുന്നു എംഎൽഎ ജി. സുധാകരന്റെ വിമർശനം. മെഡിക്കൽ കോളേജുകളിൽ ഒരു പാർട്ടിയെയും കയറ്റരുതെന്നും, വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി ഉൾപ്പെടെയുള്ളവർ ഭക്ഷണം നൽകുന്നത് അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. ഭക്ഷണം നൽകേണ്ടത് പാർട്ടികളല്ല, മറിച്ച് സർക്കാരിന്റെ ജോലിയാണെന്നും എംഎൽഎ ജി. സുധാകരൻ ചൂണ്ടിക്കാട്ടി.

ജി. സുധാകരന്റെ ഈ മലക്കംമറിച്ചിലിനെതിരെ സോഷ്യൽ മീഡിയയിൽ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ കുത്തിപ്പൊക്കി വലിയ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. 2017-ലും 2020-ലും ആലപ്പുഴയിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ പദ്ധതികൾ ഉദ്ഘാടനം ചെയ്തത് സുധാകരൻ തന്നെയായിരുന്നു എന്ന് നേതാക്കൾ ഓർമ്മിപ്പിച്ചു. 2020ലേത് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് വിതരണം 1000 ദിവസം പൂര്‍ത്തിയായതിന്റെ ഉദ്ഘാടനമായിരുന്നു. ഭക്ഷണ വിതരണം രാഷ്ട്രീയമല്ല, മനുഷ്യത്വമാണെന്നും ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണവും രക്തദാനവും തങ്ങൾ ഇനിയും തുടരുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *