വിവാഹ തട്ടിപ്പ് നടത്തി വരന്‍റെ പണവും സ്വർണവുമായി മുങ്ങുന്ന സംഘം പിടിയിൽ. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് അറസ്റ്റിലായത്. വർഷ (27), രേഖ ശർമ (40), ബസന്തി എന്ന സുനിത (45), വിജയ് കതാരിയ (55) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാലു പേരും ഇൻഡോർ സ്വദേശികളാണെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജേഷ് ദണ്ഡോതിയ പറഞ്ഞു.ആസൂത്രിതമായിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. 27കാരിയായ വർഷയാണ് സംഘത്തിലെ സ്ഥിരം വധു. സംഘത്തിലെ മറ്റ് മൂന്ന് പേർ വർഷയുടെ ബന്ധുക്കളായി അഭിനയിക്കും. പേര് ഉള്‍പ്പെടെ മാറ്റിപ്പറഞ്ഞാണ് വിവാഹം നടത്തിയത്. മഹാരാഷ്ട്ര, രാജസ്ഥാൻ സ്വദേശികളായ പുരുഷന്മാരെ വിവാഹം ചെയ്ത് വൈകാതെ വരന്‍റെ പക്കൽ നിന്ന് പണവും സ്വർണവുമായി മുങ്ങിയ കേസിലാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. സമാനമായ വേറെയും തട്ടിപ്പ് സംഘം നടത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതെന്നും ചോദ്യം ചെയ്യലിൽ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *