*കോഴിക്കോട്: : പാരമ്പര്യ കായികവിനോദമായ കാളപൂട്ട് മത്സരത്തിന് പുല്ലാളൂരിൽ ഇത്തവണയും ആവേശകരമായ ജനപങ്കാളിത്തം. 83 ജോഡി കാളകൾ മാറ്റുരച്ച മത്സരത്തിന് സ്ത്രീകളും കുട്ടികളും യുവാക്കളും വയോധികരും ഉൾപ്പെടെ വൻ ജനാവലിയാണ് സാക്ഷ്യം വഹിച്ചത്. 17, 18, 19 വയസ്സുള്ള കൗമാരക്കാർ മുതൽ മുതിർന്നവർ വരെ മത്സരത്തിന്റെ ആവേശത്തിൽ പങ്കാളികളായതും ശ്രദ്ധേയമായി.

പൊരിവെയിലിനെ പോലും അവഗണിച്ചാണ് ആയിരങ്ങൾ കളിക്കളം നിറഞ്ഞത്. കാളകളുടെയും ടീമുകളുടെയും പ്രകടനങ്ങൾക്കൊപ്പം കാണികളുടെ ആർപ്പുവിളികളും കൂക്കുവിളികളും മത്സരത്തിന് കൂടുതൽ ആവേശം പകർന്നു. യുവാക്കളും യുവതികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ള പുതുതലമുറയുടെ സജീവ സാന്നിധ്യവും കൗതുകക്കാഴ്ചയായി.

മത്സരത്തിന്റെ സമയനിർണയത്തിന് മൂന്ന് ടൈമർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഓരോ ജോഡി കാളകളുടെയും ഓട്ടസമയം ഇവർ കൃത്യമായി രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സെക്കൻഡിൽ നിശ്ചിത ദൂരം പിന്നിടുന്ന ജോഡിക്കാണ് ഒന്നാം സ്ഥാനം. തുടർന്ന് സമയവ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങൾ നിർണയിച്ച് സമ്മാനങ്ങൾ നൽകും.

ആദ്യഘട്ടത്തിൽ രണ്ട് ട്രയൽ മത്സരങ്ങൾ നടക്കും. തുടർന്ന് പൊന്തകുത്തിയതിനുശേഷം മൂന്ന് റൗണ്ട് മത്സരങ്ങളാണ് നടക്കുന്നത്. നിശ്ചയിച്ച പരിധിക്കുള്ളിലൂടെ മാത്രമാണ് കാളകൾക്ക് സഞ്ചരിക്കാൻ അനുവാദമുള്ളത്. നിയമലംഘനം നടത്തുന്നവരെ ഫൗൾ പരിഗണിച്ച് മത്സരത്തിൽനിന്ന് പുറത്താക്കും.

ഒരു ജോഡി കാളകളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിന് കമ്മിറ്റിക്ക് 1,000 രൂപയാണ് ഫീസ് നൽകേണ്ടത്. ഒന്നാം സമ്മാനം ഉൾപ്പെടെ അഞ്ച് സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്. ട്രോഫികൾ സ്പോൺസർഷിപ്പിലൂടെയാണ് ലഭ്യമാക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന കാളകൾക്ക് 50 ലക്ഷം രൂപ വരെ വില നൽകാൻ കാളപ്രേമികൾ തയ്യാറാകുന്നുവെന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.

കോഴിക്കോട് ജില്ലയിലെ പുല്ലാളൂർ കെട്ടുങ്ങൽ തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള കാളപൂട്ട് ഗ്രൗണ്ട് അവരുടെ മേൽനോട്ടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി നടക്കുന്ന മത്സരത്തിന് ഓരോ വർഷവും വർധിച്ചുവരുന്ന ജനപങ്കാളിത്തം കാളപൂട്ട് എന്ന കായികവിനോദത്തോടുള്ള ജനങ്ങളുടെ താൽപര്യമാണ് വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *