പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ തെളിവെളുപ്പ് നടത്തി.അച്ഛനെയും അമ്മയെയും അതിക്രൂരമായാണ് മകൻ സനൽ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ദേവിയുടെയും ചന്ദ്രന്റെയും അരുംകൊലയാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകളും 26 വെട്ടുകള്‍ ചന്ദ്രന്റെ ശരീരത്തിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇരുവരും പിടയുമ്പോള്‍ സനൽ മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചുവെന്ന് പൊലീസ് പറഞ്ഞു.
വിഷം കയറുന്നതിനാണ് മുറിവുകളില്‍ കീടനാശിനി ഒഴിച്ചതെന്നും സനല്‍ പൊലീസിനോട് പറഞ്ഞു.
സനൽ വിഷാദ രോഗത്തിന് അടിമയാണ്. ഇയാള്‍ മാതാപിതാക്കളെയും ഈ വിധത്തിലാണ് കണ്ടിരുന്നത്. കൊല നടന്ന സ്ഥലത്ത് രാത്രി എട്ടുമണിയോടെ അമ്മയുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം. ഇതിനുശേഷം ഇയാള്‍ കൊടുവാളും അരിവാളും ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിലും കവിളിലും തലയിലും വെട്ടി. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈകളിലും വെട്ടി. അടുത്ത മുറിയില്‍ നിന്ന് ചന്ദ്രന്‍ നിലവിളിച്ചപ്പോള്‍ അദ്ദേഹത്തെയും വെട്ടുകയായിരുന്നു. വെട്ടേറ്റുപിടഞ്ഞ ഇരുവരുടെയും മുറിവുകളിലേക്കും വായിലേക്കും ഇയാള്‍ കീടനാശിനി ഒഴിച്ചു. മരിച്ചെന്നുറപ്പാക്കിയ ശേഷം ചന്ദ്രന്‍ കിടന്നിരുന്ന മുറിയിലെ കുളിമുറിയില്‍ കുളിച്ചു. തിരികെയെത്തി അമ്മയുടെ മൃതദേഹത്തിന് അടുത്തിരുന്ന് ആപ്പിള്‍ കഴിച്ചു. ഇതിനുശേഷം പിന്‍വാതിലിലൂടെ പുറത്തേക്ക്.ബംഗളൂരുവിലേക്ക് കടന്ന ഇയാളെ സഹോദരനെ കൊണ്ട് തന്ത്രപരമായി പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു. മാതാപിതാക്കളെ മോഷ്ടാക്കള്‍ കൊലപ്പെടുത്തിയെന്നും സ്ഥലത്തുനിന്ന് വിരലടയാളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇയാളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ യാതൊരു കുറ്റബോധമില്ലാതെയാണ് സനൽ പ്രതികരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *