സംസ്ഥാനത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുമ്പോൾ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാൻ വനംവകുപ്പ് തീരുമാനം. ആർആർടി സംഘം ഒഴികെയുള്ള താൽക്കാലിക വാച്ചർമാരെ മാർച്ച് 31 ന് പിരിച്ചുവിടാനാണ് നിർദ്ദേശം. സർക്കാർ അനുമതി വാങ്ങി മാത്രം താൽക്കാലിക വാച്ചർമാരെ നിയമിച്ചാൽ മതിയെന്നാണ് തീരുമാനം.വനം കാക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് വന്യ ജീവികളിൽ നിന്ന് സുരക്ഷയും ഒരുക്കുന്ന വലിയ ഉത്തരവാദിത്വമാണ് താല്‍ക്കാലിക വനം വകുപ്പ് വാച്ചര്‍മാര്‍ക്കുള്ളത്. വിവിധ ഡിവിഷനുകളിലായി ആയിരക്കണക്കിന് വാച്ചർമാരാണ് ജോലി ചെയ്യുന്നത്. ഇവരുടെ എണ്ണം കുറക്കാൻ വനം വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി മൂന്നാർ ഡിവിഷന് കീഴിലുള്ള നാല് റേഞ്ചുകളിലെ ആർആ‌ർടി സംഘത്തിലുള്ള വാച്ചർമാർ ഒഴികെയുള്ളവരെ പിരിച്ചു വിടാനാണ് ഡിഎഫ്ഒ ഉത്തരവിറക്കിയത്. എഴുപത് വാച്ചർമാരാണ് ഇവിടെയുള്ളത്. ഇതിൽ പതിനഞ്ച് പേരെയെങ്കിലും കുറക്കാനാണ് തീരുമാനം. കൂടുതൽ വാച്ചർമാരുള്ള മറ്റ് ഡിവിഷനുകളിലും ഈ തീരുമാനം നടപ്പാക്കും. പിരിച്ച് വിടുന്നതിനു പകരം വാച്ചർമാരെ ഉടൻ നിയമിക്കില്ല.അതുപോലെ അറുപത് വയസ്സിൽ കൂടുതൽ പ്രായമുള്ളവരെ ഒഴിവ്വാക്കാനും തീരുമാനമുണ്ട്. സർക്കാർ അനുമതി വാങ്ങി മാത്രം താൽക്കാലിക വാച്ചർമാരെ നിയമിച്ചാൽ മതിയെന്ന് മാസങ്ങൾക്ക് മുമ്പേ ഉത്തരവിട്ടിരുന്നു. കാട്ടു തീ തടയുന്നതിനും പ്ലാൻറേഷനുകളിൽ കാവലിനും മറ്റും നിയമിക്കുന്നവരെ ആയിരിക്കും ആദ്യഘട്ടത്തിൽ പിരിച്ചു വിടുക. കൂടുതൽ പേരെ ഒഴിവാക്കുന്നതോടെ വന്യമൃഗ ആക്രമണം തടയുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. പല ഡിവിഷനുകളിലും വാച്ചർമാർക്ക് മാസങ്ങളുടെ ശമ്പള കുടിശ്ശികയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *