ന്യൂഡല്‍ഹി: വയനാട് ധനസഹായം അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. കേരള സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ഒപ്പമുണ്ടായിരുന്നു.
കേന്ദ്രധന മന്ത്രി നിര്‍മല സീതാരാമന്‍ ന്യൂഡല്‍ഹി കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രത്യേക പ്രതിനിധി പ്രഫ. കെ.വി തോമസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു
ഇന്ന് രാവിലെ ഒന്‍പതോടെ കേരള ഹൗസില്‍ എത്തിയ കേന്ദ്രമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രഫ. കെ.വി. തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്രമന്ത്രിയുടേത്. പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്രമന്ത്രി മടങ്ങിയത്.
വയനാടിനുപുറമെ വിഴിഞ്ഞം പദ്ധതിക്കുള്ള ധനസഹായം, കെ-റെയില്‍, ജി.എസ്.ടിയിലെ പ്രശ്‌നങ്ങള്‍, ആശാ വര്‍ക്കര്‍മാരുടെ കുടിശ്ശിക അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയില്‍ ഉന്നയിച്ചതായാണ് സൂചന. ഇന്ന് നടക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമാകും പിണറായി വിജയന്‍ കേരളത്തിലേക്ക് മടങ്ങുക.