
കേരളത്തെ നടുക്കിയ നന്ദൻകോട് കൂട്ടക്കൊലപാതകം കേസിലെ ഏകപ്രതിയായ കേഡൽ ജെൻസൺ രാജ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം വഞ്ചിയൂർ അഡിഷണൽ സെഷൻസ് ആറാം കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചത്. കേഡലിന്‍റെ ശിക്ഷാവിധി നാളെയുണ്ടാകും.കേഡൽ ജെൻസൺ രാജയെ കുടുങ്ങിയതിങ്ങനെ.
ആസ്ട്രൽ പ്രൊജക്ഷൻ അഥവാ ആത്മാവിനെ മോചിപ്പിക്കാനായിരുന്നു കൊലപാതകമെന്നാണ് കേഡൽ ആദ്യം പൊലീസുകാരോടെ പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ആസ്ട്രൽ പ്രൊജക്ഷനെക്കുറിച്ച് കേഡലിന് ഒന്നും അറിയില്ലെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. മാനസിക രോഗം അഭിനയമാണെന്നും ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.ആദ്യം ദുര്‍മന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് കേസിനെ വഴി തെറ്റിക്കനായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി നാലുപേരെയും കൊന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
2017 ഏപ്രിൽ അഞ്ച്,ആറ് തീയതികളിലാണ് പ്രതി കൊലപാതകങ്ങൾ നടത്തിയത്.അഞ്ചാം തീയതി അമ്മ ഡോ.ജീൻ പത്മയെയാണ് കേഡൽ ആദ്യം കൊലപ്പെടുത്തിയത്.കമ്പ്യൂട്ടർ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് വീടിന്റെ മുകളിലെ മുറിയിലേക്ക് വിളിച്ചുകൊണ്ടുപോയാണ് അമ്മയെ കൊലപ്പെടുത്തിയത്.
അന്ന് വൈകിട്ട് തന്നെ പിതാവ് റിട്ട. പ്രൊഫസർ രാജതങ്കം, സഹോദരി കാരോലിൻ എന്നിവരെ സമാനമായി കൊലപ്പെടുത്തി.ആറാം തീയതി ബന്ധുവായ ലളിത ജീനിനെയും കൊലപ്പെടുത്തി. ലളിതക്ക് കണ്ണുകാണാന്‍ സാധിക്കില്ലായിരുന്നു.
മൃതദേഹങ്ങൾ വീടിന്റെ രണ്ടാം നിലയിലുള്ള ബെഡ് റൂമിൽ സൂക്ഷിച്ചെന്നും പൊലീസ് പറയുന്നു. ഏഴാം തീയതി രാത്രി മൃതദേഹങ്ങൾ കത്തിക്കാനും കേഡൽ ശ്രമിച്ചു. എന്നാൽ കേഡലിന്റെ കൈക്കു പൊള്ളലേറ്റതോടെ ആ ശ്രമം ഉപേക്ഷിച്ചു.പിറ്റേന്ന് വീണ്ടും മൃതദേഹങ്ങൾ കത്തിക്കാൻ ശ്രമം നടത്തി. ജീൻ പത്മ,കരോലിൻ എന്നിവരുടെ ശരീരം പൂർണമായും കത്തി. വീട്ടിലേക്ക് തീ പടർന്നതോടെയാണ് ഞെട്ടിക്കുന്ന കൂട്ടക്കൊല പുറംലോകം അറിയുന്നത്.ഇതോടെ മൃതദേഹങ്ങൾ ശുചിമുറിയിൽ ഉപേക്ഷിച്ചാണ് പ്രതി ചെന്നൈയിലേക്ക് മുങ്ങി. ദിവസങ്ങൾക്ക് ശേഷം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കേഡൽ പിടിയിലാകുന്നത്.