അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായി രണ്ടാം തവണയാണ് അദ്ദേഹം സംസ്ഥാനത്തിന്റെ ഭരണത്തലപ്പത്തെത്തുന്നത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജനാഥ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന നിയമസഭയിലെ 126 സീറ്റുകളിൽ 82 ഇടത്തും വൻ വിജയം നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. 2016-ൽ അധികാരം പിടിച്ച ബിജെപി, തുടർച്ചയായ മൂന്നാം ഊഴത്തിലൂടെ അസം രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. അസമിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി തുടർച്ചയായി മൂന്ന് തവണ ഭരണത്തിലേറുന്നത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ തട്ടകമായ ജാലുക്ബാരിയിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി ബോമെൻ ചന്ദ്ര ബോർ ഠാക്കൂറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയിരുന്ന പ്രതിപക്ഷ നിരയ്ക്ക് ഈ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ലഭിച്ചത്. കോൺഗ്രസ് പിസിസി അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ ദയനീയമായി പരാജയപ്പെട്ടു. പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ, റൈജോർ ദൾ അധ്യക്ഷൻ അഖിൽ ഗൊഗോയ് തുടങ്ങി പ്രതിപക്ഷത്തെ മുൻനിര നേതാക്കളെല്ലാം ഇത്തവണ തോൽവി നേരിട്ടു.
