യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോറ്റതിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങള്‍ക്ക് നേരെ വംശീയാധിക്ഷേപം. ബുകയോ സാക, ജേഡൻ സാഞ്ചോ, മാർക്കാ റാഷ്ഫോർഡ് എന്നിവർക്ക് നേരെയാണ് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ വംശീയാധിക്ഷേപം നടത്തുന്നത്.
ഈ മൂന്ന് താരങ്ങളും പെനാൾട്ടി നഷ്ടമാക്കിയിരുന്നു. വംശീയതക്ക് എതിരെ മുട്ടുകുത്തി ഇംഗ്ലണ്ട് താരങ്ങള്‍ പ്രതിഷേധിക്കുമ്പോൾ പലപ്പോഴും സ്റ്റേഡിയങ്ങളിൽ നിന്ന് കൂവലുകൾ വരുന്നത് ഇംഗ്ലീഷ് ആരാധകരിലെ തീരാത്ത വംശീയതയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. താരങ്ങൾക്കെതിരായ വംശീയാധിക്ഷേപ പോസ്റ്റുകളിൽ അന്വേഷണം നടത്തുമെന്ന് മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ലണ്ടൻ മേയർ സാദിഖ് ഖാൻ സോഷ്യൽ മീഡിയ കമ്പനികളോട് ആവശ്യപ്പെട്ടു.
സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം വെച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി.