കണ്ണൂര്‍ വളപട്ടണം ഐ എസ് കേസില്‍ മൂന്നുപ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രത്യേക എന്‍ ഐ എ കോടതിയുടേതാണ് വിധി. കേസില്‍ ശിക്ഷാവിധി വെള്ളിയാഴ്ച പ്രഖ്യാപിക്കും.

ചക്കരക്കല്ല് മുണ്ടേരി സ്വദേശി മിഥിരാജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ വി അബ്ദുള്‍ റസാഖ്, തലശ്ശേരി ചിറക്കര സ്വദേശി യു കെ ഹംസ എന്നിവരാണ് കേസിലെ പ്രതികള്‍. രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി യുവാക്കളെ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നും സിറിയയില്‍ പോകുന്നതിന് പദ്ധതിയിട്ടെന്നുമാണ് കേസ്.

ശിക്ഷാ ഇളവ് വേണമെന്നും അഞ്ചുവര്‍ഷമായി ജയിലില്‍ ആണെന്നും പ്രതികള്‍ പറഞ്ഞു. തീവ്രവാദ ചിന്താഗതി പൂര്‍ണമായി ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപേലെ കാണുമെന്നും ഹംസ കോടതിയെ ബോധിപ്പിച്ചു. തീവ്രവാദത്തിനെതിരെ മാതൃകയാകുന്ന ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 ലേറെ പേര്‍ ഐഎസില്‍ ചേര്‍ന്നെന്ന കേസില്‍ ആദ്യം ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. 2017ല്‍ എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *