ഭൂരിഭാഗം ഒളിച്ചു പോയ ദേശീയ പാതയും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന വീടുകളും, കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ താരതമ്യേന ശാന്തമായൊഴുകുന്ന നദിയുമാണ് മണാലിയുടെ കുന്നിൻ മുകളിൽ നിന്ന് ഇപ്പോൾ നോക്കിയാൽ ദൃശ്യമാകുന്ന കാഴ്ചകൾ. പാലങ്ങളേയും കാറുകളേം മനുഷ്യജീവനുകളേയും കവര്‍ന്നെടുത്ത പ്രളയത്തിന്റെ ശേഷിപ്പുകളാണ് ബുധനാഴ്ച പകര്‍ത്തിയ ഡ്രോണ്‍ ദൃശ്യങ്ങളിലുള്ളത്. പ്രളയ ഭീതി ഏതാണ്ട് അവസാനിച്ച മണാലിയുടെ തെളിഞ്ഞ ആകാശവും നമുക്ക് കാണാം.

ഉള്‍പൊട്ടലിനെ തുടര്‍ന്ന് താത്കാലികമായി യാത്ര നിരോധിച്ച ചണ്ഡീഗഡ്-ഷിംല ദേശീയപാതയിലൂടെയുള്ള ഗതാഗതം ചൊവ്വാഴ്ച പുനഃസ്ഥാപിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാൽ, ഉരുൾ പൊട്ടലിൽ പാതയുടെ ഒരു ഭാഗം തകർന്നതിനാൽ ഒറ്റവരി പാതയിലൂടെ മാത്രമാണ് ഇപ്പോൾ യാത്ര അനുവദിക്കുന്നത്.

ചണ്ഡീഗഡ്-മണാലി ദേശീയപാതയുടെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മണ്ഡി മേഖലയിലെ സിക്‌സ് മൈല്‍ പ്രദേശത്ത് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ദേശീയപാതയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം ഇപ്പോഴും നിര്‍ത്തിവെച്ചിരിക്കുകയാണ്. ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വിനോദസഞ്ചാരികളുള്‍പ്പെടെയുള്ള യാത്രക്കാര്‍ വിവിധയിടങ്ങളില്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയണ്.

തങ്ങള്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സൗകര്യം അധികൃതര്‍ എത്രയും പെട്ടെന്ന് ഒരുക്കിത്തരണമെന്നാണ് വിനോദസഞ്ചാരികളുടെ ആവശ്യം. ഇന്റര്‍നെറ്റും വൈദ്യുതി വിതരണവും തടസ്സപ്പെട്ടതും യാത്രക്കാരേയും പ്രദേശവാസികളേയും ഏറെ ബാധിച്ചിരിക്കുകയാണ്.

മണാലിയില്‍ നിന്ന് ചണ്ഡീഗഡിലേക്കുള്ള ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചതായി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു. കുളു. മണാലി എന്നിവടങ്ങളില്‍ കുടുങ്ങിക്കിടന്ന വിനോദസഞ്ചാരികളുടെ 2,500 ലേറെ വാഹനങ്ങള്‍ ഓതിലൂടെ കടത്തിവിട്ടതായി സുഖ്‌വീന്ദര്‍ സിങ് ട്വിറ്ററിലൂടെ വ്യക്തമാക്കി. എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതരാണെന്നും താമസിയാതെ അവരുടെ സ്ഥലങ്ങളില്‍ എത്തിച്ചേരുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *