ആവേശ പോരാട്ടത്തിനൊടുവില്‍ വിയ്യാറയലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി ചെല്‍സി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ട മത്സരത്തില്‍ വിയ്യറയല്‍ താരങ്ങളുടെ രണ്ട് കിക്കുകള്‍ രക്ഷപെടുത്തിയാണ് കെപ ചെല്‍സിയുടെ ഹീറോ ആയത്. സഡന്‍ ഡെത്തിലേക്ക് നീണ്ട പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ 6-5 എന്ന സ്കോറിനാണ് ചെല്‍സി വിയ്യറയലിനെ പരാജയപ്പെടുത്തിയത്.

ചെല്‍സിക്ക് വേണ്ടി ആദ്യ കിക്ക്‌ എടുത്ത ഹാവെര്‍ട്സിന്റെ കിക്ക്‌ വിയ്യറയല്‍ ഗോള്‍ കീപ്പര്‍ അസ്സെഞ്ചോ തടഞ്ഞെങ്കിലും തുടര്‍ന്ന് കിക്ക്‌ എടുത്ത അസ്പിലിക്വറ്റ, അലോണ്‍സോ, മേസണ്‍ മൗണ്ട്, ജോര്‍ഗിനോ,പുലിസിച്ച്‌, റുഡിഗര്‍ എന്നിവര്‍ തങ്ങളുടെ കിക്കുകള്‍ ഗോളാക്കി.

വിയ്യറയല്‍ താരങ്ങളായ മൊറേനോ, എസ്റ്റുപിനാന്‍,ഗോമസ്, റബ, ജുവാന്‍ ഫോയ്ത് എന്നിവരുടെ പെനാല്‍റ്റി കിക്കുകള്‍ ഗോളായപ്പോള്‍ മന്ധിയുടെയും ആല്‍ബിയോളിന്റെയും ശ്രമങ്ങള്‍ കെപ സേവ് ചെയ്യുകയായിരുന്നു. തുടര്‍ച്ചയായ മൂന്ന് സൂപ്പര്‍ കപ്പ് ഫൈനലുകള്‍ പരാജയപെട്ടതിന് ശേഷമാണ് ചെല്‍സി സൂപ്പര്‍ കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഹാവെര്‍ട്സിന്റെ പാസില്‍ നിന്ന് ഹക്കിം സിയെച്ചാണ് ചെല്‍സിക്ക് ആദ്യ ഗോള്‍ നേടി കൊടുത്തത്. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ ഹകീം സീയെച്ച്‌ തോളിന് പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച വിയ്യറയല്‍ ജെറാര്‍ഡ് മൊറേനോയിലൂടെ മത്സരത്തില്‍ സമനില പിടിച്ചു. സമനില നേടുന്നതിന് മുന്‍പ് രണ്ട് തവണ വിയ്യറയല്‍ ശ്രമം ചെല്‍സി പോസ്റ്റില്‍ തട്ടി തെറിച്ചിരുന്നു. തുടര്‍ന്ന് ഇരു ടീമുകള്‍ക്കും നിശ്ചിത സമയത്ത് ഗോള്‍ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല.ᴛʟsᴍ. തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ നേടാനായില്ല. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തില്‍ ചെല്‍സി ഗോള്‍ കീപ്പറായിരുന്ന മെന്‍ഡിയെ മാറ്റി കെപയെ ഇറക്കിയത് മത്സരത്തില്‍ നിര്‍ണായകമാവുകയായിരുന്നു.

തുടക്കം മുതല്‍ അതിശക്തമായ പോരാട്ടമാണ് ഇരു ടീമും കാഴ്ചവെച്ചത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ സ്പാനിഷ് ക്ലബ്ബിനെ 3-4-2-1 ഫോര്‍മേഷനിലാണ് ചെല്‍സി നേരിട്ടത്. മത്സരത്തില്‍ ആദ്യം ലീഡെടുക്കാനും ചെല്‍സിക്ക് സാധിച്ചു. 27ാം മിനുട്ടില്‍ കെയ് ഹാവര്‍ട്ട്‌സ് ഗോളിന് വഴിയൊരുക്കിയപ്പോള്‍ ഹാക്കി സിയെച്ചിന് പിഴച്ചില്ല. ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താന്‍ ചെല്‍സിക്കായി.

Leave a Reply

Your email address will not be published. Required fields are marked *