സംസ്ഥാനത്ത് വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് കുടുംബശ്രീയും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.

‘കറി പൗഡറിനെ പറ്റി പരിശോധിച്ചു നോക്കിയപ്പോള്‍ എല്ലാം വിഷം. ഒറ്റയൊന്നും ബാക്കിയില്ല. കോഴിയൊക്കെ കാണിച്ചിട്ട് വലിയ പ്രചരണമൊക്കെയാണ്. പക്ഷേ കാര്യമില്ല, എല്ലാം വ്യാജമാണ്’-മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് വിശ്വാസത്തോടുകൂടി കഴിക്കാന്‍ പറ്റുന്നതാണ് കുടുംബശ്രീയുടെ ഉത്പന്നങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് വിലകുറവാണ്. എന്നാല്‍ ആദായകരമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ സാധിക്കും. ലോകത്തെമ്പാടുമുള്ള ഉത്പന്നങ്ങളോട് മത്സരിക്കാനുള്ള സംവിധാനം രൂപപ്പെടുത്തണമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു.

അതേസമയം, കറി പൗഡറുകളിലെ മായം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പറയുന്നത്. കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകള്‍ ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *