കല്‍പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങള്‍ എല്ലാവരും നഷ്ടമായതിന് പിന്നാലെ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട വയനാട് ചൂരല്‍മല സ്വദേശിനി ശ്രുതിക്ക് അനുയോജ്യമായ ജോലി നല്‍കുമെന്ന് മന്ത്രി കെ. രാജന്‍. ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജന്‍സെന്‍ കല്‍പറ്റയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്.

‘ശ്രുതിക്ക് മെച്ചപ്പെട്ട ഒരു ജോലി ലഭിക്കണമെന്നായിരുന്നു ജെന്‍സന്റെ ആഗ്രഹം. ജെന്‍സന്‍ ആഗ്രഹിച്ചത് പോലെ തന്നെ നല്ല ജോലി സമ്മാനിക്കും… ശ്രുതി ഒറ്റപ്പെടില്ല. സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും’ -മന്ത്രി പറഞ്ഞു.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളടക്കമുള്ള ഉറ്റവരെ നഷ്ടപ്പെട്ട ചൂരല്‍മല സ്വദേശി ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെന്‍സന്‍. ചൊവ്വാഴ്ച കല്‍പറ്റക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് ജെന്‍സന് ഗുരുതരമായ പരിക്കേറ്റത്. ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ പ്രാര്‍ഥനകളെല്ലാം വിഫലമാക്കിക്കൊണ്ട് ബുധനാഴ്ച രാത്രിയോടെ ജെന്‍സന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ചൂരല്‍മലയിലെ സ്‌കൂള്‍ റോഡിലായിരുന്നു ശ്രുതിയുടെ വീട്. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛന്‍ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവര്‍ മരിച്ചിരുന്നു. പിതാവിന്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ ഒമ്പത് പേരെയാണ് ദുരന്തത്തില്‍ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.

Leave a Reply

Your email address will not be published. Required fields are marked *