വയനാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം അവസാനമായി കണ്ട് പ്രതിശ്രുത വധു ശ്രുതി. ആശുപത്രിയിലെത്തിച്ചാണ് പ്രിയപ്പെട്ടവന്റെ മൃതദേഹം അവസാനമായി ശ്രുതിയെ കാണിച്ചത്. പ്രിയതമന്റെ ജീവനറ്റ ശരീരം കണ്ട് ശ്രുതി വിങ്ങിപ്പൊട്ടിയപ്പോള്‍ മറ്റുള്ളവര്‍ക്കും കരച്ചിലടക്കാനായില്ല. വാഹാനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റ ശ്രുതി ചികിത്സയിലാണ്.

ബന്ധുക്കളാണ് പ്രതിശ്രുത വരന്‍ ജെന്‍സന്റെ മരണവിവരം ശ്രുതിയെ അറിയിച്ചത്. ജെന്‍സന്‍ ജീവിതത്തിലേക്കു തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതോടെ ഇന്നലെ രാത്രിയില്‍ മരിക്കുന്നതിനു മുമ്പ് മേപ്പാടിയിലെ ആശുപത്രിയില്‍ എത്തിച്ചു ശ്രുതിയെ ജെന്‍സനെ കാണിച്ചിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ ശ്രുതി ശസ്ത്രക്രിയയ്ക്കുശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പോസ്റ്റ്മോര്‍ട്ടത്തിനുശേഷം അമ്പലവയല്‍ ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം നടത്തി. ആയിരങ്ങളാണ് ജെന്‍സനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്. പിന്നീട് ആണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *