ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രീയ സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കാലിക്കറ്റ് എൻഐടിയിൽ നടന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനം (ICFAST 2025) സമാപിച്ചു. 317 വിദഗ്ധർ പങ്കെടുത്ത സമ്മേളനം വൻ വിജയമായിരുന്നുവെന്നും പുതിയ സഹകരണ ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കിയെന്നും സംഘാടകർ അറിയിച്ചു.

രണ്ടാം ദിവസം (ഒക്ടോബർ 11) നടന്ന വിവിധ സെഷനുകളിൽ പ്രൊഫ. ദർശക് ത്രിവേദി, പ്രൊഫ. ദിനേശ് രംഗപ്പ, പ്രൊഫ. ഉത്പൽ ബോറ, പ്രൊഫ. ഭബാനി പ്രസാദ് മണ്ഡൽ എന്നിവർ അധ്യക്ഷത വഹിച്ചു. ഡോ. ഷീജ ടി.ഇ. (ഐസിഎആർ-ഐഐഎസ്ആർ), പ്രൊഫ. മാക്കോ നകാമുറ (ക്യുഷു യൂണിവേഴ്സിറ്റി), പ്രൊഫ. വാരിസാവ ഷിനിച്ചി (ടോക്കിയോ യൂണിവേഴ്സിറ്റി), പ്രൊഫ. നന്ദകുമാർ കളരിക്കൽ (എം.ജി. സർവകലാശാല), ഡോ. ടി. പി. സേതുമാധവൻ, പ്രൊഫ. യോഷിറോ അസുമ, പ്രൊഫ. എറി ഇകെഡ, പ്രൊഫ. കൗശിക് ചാറ്റർജി (ഐഐഎസ്‌സി ബെംഗളൂരു), പ്രൊഫ. തത്സുയുകി യമമോട്ടോ (ഷിമാനെ യൂണിവേഴ്സിറ്റി) തുടങ്ങിയ പ്രമുഖർ പ്രഭാഷണങ്ങൾ നടത്തി. യുവ ഗവേഷകർക്കായി നടത്തിയ പോസ്റ്റർ സെഷനും ശ്രദ്ധേയമായി.

എൻഐടി ബയോസയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ബൈജു ജി. നായരുടെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹത്തിന്റെ സൂക്ഷ്മമായ ആസൂത്രണത്തെയും അക്കാദമിക് ദീർഘവീക്ഷണത്തെയും പങ്കെടുത്ത പ്രതിനിധികൾ പ്രശംസിച്ചു.

വെള്ളിയാഴ്ച 2019-ലെ രസതന്ത്ര നൊബേൽ സമ്മാന ജേതാവ് പ്രൊഫ. യോഷിനോ അകിരയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ ജെഎസ്പിഎസ് പൂർവവിദ്യാർഥി സംഘടനയും (ഐജെഎഎ) എൻഐടി കാലിക്കറ്റും ചേർന്നാണ് കേന്ദ്ര സർക്കാരിന്റെ അനുസന്ധാൻ നാഷണൽ റിസർച്ച് ഫൗണ്ടേഷന്റെ പിന്തുണയോടെ പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *