ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ മാറ്റി. രണ്ടാഴ്ചക്ക് ശേഷമായിരിക്കും ഇനി ജാമ്യാപേക്ഷ പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ ഇടക്കാല ജാമ്യവും തുടരും. ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയില്‍ സര്‍ക്കാര്‍ വാദിച്ചു.

അന്വേഷണവുമായി സിദ്ദിഖ് സഹകരിക്കുന്നുണ്ടോയെന്ന ചോദ്യം കോടതിയില്‍ നിന്നും ഉണ്ടായി. ഇതിന് മറുപടിയായി ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍, പ്രധാനപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു ചോദ്യത്തോടുള്ള സര്‍ക്കാറിന്റെ മറുപടി.

എന്നാല്‍, 2016ല്‍ താന്‍ ഉപയോഗിച്ച ഐഫോണാണ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നതെന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ വാദിച്ചു. കേസില്‍ പരാതി നല്‍കാന്‍ വൈകിയതിനെ കുറിച്ച് ഇന്നും സുപ്രീംകോടതിയില്‍ നിന്നും ചോദ്യമുണ്ടായി. 2016ല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ സിദ്ദീഖ് ബലാത്സംഗം ചെയ്തുവെന്ന യുവനടിയുടെ പരാതിയിലാണ് കേസ്. പരാതിയില്‍ സിദ്ദീഖിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *