രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും സംഘർഷഭരിതമായി മണിപ്പൂർ. തമ്നപൊക്പി, ചാനുങ്, ഫെങ്,സൈറ്റൺ,ജിരി,കുട്രൂക്ക്,കാങ്ചുപ്പ് എന്നീ ഗ്രാമങ്ങളിൽ കുക്കി വിഘടനവാദികൾ ആക്രമണം നടത്തി. നിരവധി വീടുകൾ തീയിട്ടു. സിആർപിഎഫ് പോസ്റ്റിനു നേരെയും റോക്കറ്റ് ആക്രമണം ഉണ്ടായി.ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഉണ്ടായ ആക്രമണത്തിൽ രണ്ട് മെയ്തയ് വിഭാഗക്കാർക്ക് പരുക്കേറ്റു. കഴിഞ്ഞദിവസം ഉണ്ടായ ഏറ്റുമുട്ടലിൽ 11 കുക്കി വിഘടനവാദികളെ സിആർപിഎഫ് വധിച്ചിരുന്നു. ജിരിബായിലെ ആർപിഎഫ് ക്യാമ്പിന് നേരെ കുക്കികൾ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സിആർപിഎഫ് ജവാൻ ചികിത്സയിലാണ്.
അതേസമയം, സംഘർഷ സാധ്യത കണക്കിലെടുത്ത് മണിപ്പൂരിലെ ജിരിബാം ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. അനിശ്ചിതകാലത്തേക്കാണ് നിയന്ത്രണങ്ങൾ. ഇന്ത്യൻ ആർമിയും അസം റൈഫിൾസും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ വിവിധ ജില്ലകളിൽനിന്ന് വെടിയുണ്ടകളും ആയുധങ്ങളും പിടിച്ചെടുത്തു.