മാണി സി കാപ്പൻ എംഎൽഎ എൽഡിഎഫ് വിട്ടു.അടുത്തദിവസം ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുമെന്നും ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കുക യു.ഡി.എഫ് ഘടകക്ഷിയായിട്ടായിരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. എൻസിപി കേന്ദ്രനേതൃത്വം ഇന്ന് വൈകിട്ട് തീരുമാനം പ്രഖ്യാപിക്കും.
കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം തനിക്ക് അനുകൂലമായില്ലെങ്കിലും ഇപ്പോൾ എംഎൽഎ സ്ഥാനം രാജിവെക്കില്ല. പുതിയ പാർട്ടിയുണ്ടാക്കുന്ന കാര്യമൊക്കെ പിന്നിട് ആലോചിക്കേണ്ട കാര്യങ്ങളാണ്. ദേശീയ നേതൃത്വം ഒപ്പം നിൽക്കുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വാസം. പാലായിലെ ജനങ്ങൾ തനിക്കൊപ്പം നിൽക്കും. 101 ശതമാനവും അക്കാര്യത്തിൽ വിശ്വാസമുണ്ട്. നാളത്തെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കും. ഏഴ് ജില്ലാ പ്രസിഡന്റുമാരും ഒരു അഖിലേന്ത്യ സെക്രട്ടറിയും , 9 സംസ്ഥാന ഭാരവാഹികളും തന്നോടൊപ്പമുണ്ട്. ഇവരും നാളത്തെ യാത്രയിൽ പങ്കെടുക്കും.താൻ പാലായിൽ വമ്പൻ ഭൂരിപക്ഷത്തോടെ വിജയിക്കും. വമ്പൻ വികസനങ്ങളാണ് പാലായിൽ താൻ എംഎൽഎ ആയ ശേഷം നടന്നത്. അക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദിയുണ്ട്. താൻ നൽകിയ അപേക്ഷകൾക്കൊക്കെ അനുമതി നൽകിയത് അദ്ദേഹമാണ്. എന്നാൽ, സീറ്റ് നൽകുന്ന കാര്യം വന്നപ്പോൾ മുന്നണി തന്നെ അവഗണിച്ചു. തന്നോടൊപ്പമുള്ള പ്രവർത്തകരുടെയും ദേശീയ നേതൃത്വത്തിൽ നിന്നടക്കമുള്ള നേതാക്കളുടെയും ആവശ്യപ്രകാരമാണ് മുന്നണിമാറ്റമെന്നും മാണി സി കാപ്പൻ പറഞ്ഞു. അതേസമയം എന്‍.സി.പി നേതാവും മന്ത്രിയുമായ എ. കെ. ശശീന്ദ്രന്‍ എല്‍.ഡി.എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്‍.സി.പി യു.ഡി.എഫിലേക്ക് പോയാലും ശശീന്ദ്രന്‍ പക്ഷം എല്‍.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാപ്പനോട് എല്‍.ഡി.എഫില്‍ നിന്ന് പോകരുതെന്നും ശശീന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം കാപ്പന് രാഷ്ട്രീയ പ്രസക്തിയില്ലെന്ന് എ.വിജയരാഘവന്‍ പറഞ്ഞു.
പാലാ സീറ്റ് ലഭിക്കാത്ത പക്ഷം യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി. കാപ്പന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായില്‍ എത്തുന്നതിന് മുമ്പ് മുന്നണി പ്രവേശനത്തില്‍ തീരുമാനം അറിയിക്കണമെന്നാണ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്ന് മാണി സി. കാപ്പന്‍ പറഞ്ഞിരുന്നു.