ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി കെ ടി ജലീല്‍ രാജിവച്ചതിനെ സ്വാഗതം ചെയ്ത് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധിയെത്തുടര്‍ന്ന് കെ ടി ജലീല്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്. അദ്ദേഹം പൊതുജീവിതത്തിന്റെ മാന്യതകള്‍ എപ്പോഴും ഉയര്‍ത്തി പിടിക്കുന്ന വ്യക്തിയാണ്. അദ്ദേഹം തെറ്റ് ചെയ്‌തെന്ന് ആരും അംഗീകരിച്ചിട്ടില്ല. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹം രാജിവച്ചില്ല. കെ ബാബുവിനെതിരെ വിജിലന്‍സ് കോടതി പരാമര്‍ശം നടത്തിയപ്പോള്‍ അദ്ദേഹം കൊടുത്ത രാജികത്ത് പോക്കറ്റിലിട്ട് നടക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്. അങ്ങനെയാരു നിലപാട് എല്‍ഡിഎഫ് സ്വീകരിക്കില്ല, കെ ടി ജലീലും സ്വീകരിക്കില്ല. ലോകായുക്ത തീരുമാനം വന്നാല്‍ നിയമപരമായ സമീപനം നോക്കും. അതിന് ശേഷം ആവശ്യമായ തീരുമാനമെടുക്കും. രാജി വയ്ക്കാനുള്ള സമയം മാധ്യമങ്ങള്‍ നിശ്ചയിക്കേണ്ട കാര്യമില്ല.”
ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ അദ്ദേഹം ഹൈക്കോടതിയില്‍ റിട്ട്. ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജലീല്‍ രാജിവച്ചത്. തന്റെ രക്തം ഊറ്റിക്കുടിക്കാന്‍ വെമ്പുന്നവര്‍ക്ക് തല്‍ക്കാലം ആശ്വസിക്കാമെന്നും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നെന്നും ജലീല്‍ രാജിക്ക് ശേഷം പറഞ്ഞു.