കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി നടൻ അനുപം ഖേർ. കോവിഡ് മഹാമാരിയെ നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നാണ് അനുപം ഖേർ പറഞ്ഞത്. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിലുണ്ടെന്ന് അവർ തിരിച്ചറിയണമെന്നും അനുപം ഖേർ പറഞ്ഞു.

കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാര്‍ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു. ശവശരീരങ്ങള്‍ നദിയില്‍ ഉഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.

അനുപം ഖേര്‍ വളരെ കാലമായി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ബിജെപി എടുക്കുന്ന തീരുമാനങ്ങള്‍ക്കും അദ്ദേഹം പിന്തുണ അറിയക്കാറുണ്ട്. എന്നാല്‍ രാജ്യത്തെ കൊവിഡ് അവസ്ഥ അതീവ ഗുരുതരമായതോടെ മോദി ഭക്തിയില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ് അനുപം ഖേര്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധി ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യേണ്ടതായിരുന്നുവെന്നും ഖേർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ നിന്ന് ഉയർന്നു വരുന്ന വിമർശനങ്ങൾ പ്രസക്തിയുള്ളതാണെന്നും, ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിന് സാഹചര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ അറിയണമെന്നും അനുപം ഖേർ കുറ്റപ്പെടുത്തി. നദികളിൽ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകൾ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂവെന്നും അനുപം ഖേർ പറഞ്ഞു. കേവലം രാഷ്ട്രീയ നേട്ടങ്ങൾക്കായി മറ്റുപാർട്ടികൾ ഇവ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അനുപം ഖേർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *