രാജ്യത്തെ ദുർഘടമായ ഉൾപ്രദേശങ്ങളിൽ കോവിഡ് വാക്സിൻ എത്തിക്കാൻ പുതിയ മാർഗം തേടി കേന്ദ്ര സർക്കാർ. ഡ്രോണുകളെ ഉപയോഗിച്ച് ഉൾപ്രദേശങ്ങളിൽ വാക്സിനുകൾ എത്തിക്കാനാണ് സർക്കാർ നീക്കം. ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ഉള്ള സ്ഥലങ്ങളില്‍ അവയെ വാക്സിന്‍ വിതരണത്തിന് ഉപയോഗിക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ള കമ്പനികള്‍ക്ക് അപേക്ഷിക്കാനുള്ള മാതൃകയും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ച് മരുന്നും വാക്സിനും എത്തിക്കുന്നതിനായി ഐസിഎംആറിന് വേണ്ടി എച്ച്.എല്‍.എല്‍ ഇന്‍ഫ്രാ ടെക് സര്‍വീസ് താല്‍പര്യപത്രം ക്ഷണിച്ചു.

സേവനത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് ഉണ്ടാവേണ്ട പ്രത്യേകതകളും കമ്പനി വിശദീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം കുറഞ്ഞത് 100 മീറ്റര്‍ ഉയരത്തില്‍ 35 കി.മീ ആകാശമാര്‍ഗം സഞ്ചരിക്കാനുള്ള ശേഷിയുള്ള ഡ്രോണുകളാണ് തിരഞ്ഞെടുക്കുക. നാല് കിലോഗ്രാം ഭാരം താങ്ങാനുള്ള ശേഷിയുമുണ്ടാവണം. പാരച്യൂട്ട് അടിസ്ഥാനമാക്കിയുള്ള സേവനം തിരഞ്ഞെടുക്കില്ലെന്നും എച്ച്.എല്‍.എല്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന സേവനദാതാക്കളെ തുടര്‍ച്ചയായ 90 ദിവസം സേവനത്തിനായി തിരഞ്ഞെടുക്കും. വാക്സിന്‍ വിതരണ ആവശ്യവും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ പ്രകടനവും നോക്കിയാവും പിന്നീട് സേവനത്തിനായി നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഡ്രോണ്‍ ഉപയോഗിച്ച് വാക്സിന്‍ വിതരണം നടത്താനുള്ള സാധ്യത പഠിക്കാന്‍ നേരത്തെ കേന്ദ്രവ്യോമയാന മന്ത്രാലയവും ഡിജിസിഎയും ഐസിഎംആറിന് അനുമതി നല്‍കിയിരുന്നു. കാണ്‍പുര്‍ ഐഐടിയുമായി സഹകരിച്ചാണ് ഐസിഎംആര്‍ പഠനം പൂര്‍ത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *