
ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വിമാന ദുരന്തമായ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം.290 പേർ മരിച്ച ദുരന്തത്തിൽ വിമാനയാത്രികർ കൂടാതെ 49 പ്രദേശവാസികൾ കൂടി മരണപ്പെട്ടിട്ടുണ്ട്. ജനവാസമേഖലയിലേക്ക് വിമാനം ഇടിച്ചിറങ്ങിയത് അപകടത്തിന്റെ ആഘാതം കൂട്ടുകയായിരുന്നു.എന്നാൽ അപകടത്തിന്റെ കാരണം ഇപ്പോളും അവ്യക്തമായി തുടരുകയാണ്. അപകട കാരണം കണ്ടെത്താൻ ബ്ലാക്ക് ബോക്സ് പരിശോധന നിർണായകമാകും. അപകടസ്ഥലത്ത് നിന്ന് ഇന്നലെ തന്നെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയിരുന്നു. അപകടം നടന്ന് 9 മണിക്കൂറിന് ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് ബ്ലാക്ക് ബോക്സ് വീണ്ടെടുക്കാനായത്. അപകടത്തിന് മുൻപ് പൈല്റ്റുമാർ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താൻ കഴിയും. വിമാനത്തിന്റെ രണ്ട് എഞ്ചിനുകളും ഒരുപോലെ തകരാറിലായതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
അതെ സമയം,വിമാനയാത്രക്കാരിൽ 241 പേർ മരിച്ചെന്ന് എയർ ഇന്ത്യ സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. യാത്രക്കാർക്ക് പുറമേ മെഡിക്കൽ വിദ്യാർത്ഥികളും പ്രദേശവാസികളും അടക്കം 49 പേർ മരിച്ചു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.
ആകെ ഒരേയൊരാൾ മാത്രമേ വിമാന ദുരന്തത്തെ അതിജീവിച്ചുളളൂ. 40 വയസുകാരനായ വിശ്വാസ് കുമാർ രമേശ് എന്നയാളാണ് എമർജൻസി എക്‌സിറ്റ് വഴി അത്ഭുതകരമായി രക്ഷപ്പെട്ടത്. പരുക്കുകളോടെ അദ്ദേഹം സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.