കോവിഡ് പ്രതിരോധത്തിലെ വീഴ്ച്ചയിലും സാമ്പത്തിക നിയന്ത്രണങ്ങൾക്കുമെതിരെ ക്യൂബയിൽ വമ്പിച്ച സർക്കാർ വിരുദ്ധ പ്രക്ഷോഭം. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള വലിയ ജനരോഷമാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ പ്രശ്നം രൂക്ഷമാക്കുന്നതായി ആരോപിച്ച് ക്യൂബൻ പ്രസിഡന്റ് മിഗേൽ ഡിയാസ് കനേൽ സമൂഹ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. ജനങ്ങൾ പ്രതിഷേധിക്കുന്നതിന്റെയും മാർച്ച് ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
രാജ്യത്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് സൈറ്റുകൾക്ക് ഭാഗിക നയിന്ത്രണമേർപ്പെടുത്തിയതായി സ്വകാര്യ ഓൺലൈൻ നിരീക്ഷണ സൈറ്റായ ‘നെറ്റ്ബ്ലോക്കി’നെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.