യുഎസില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിയുടെ(75) നില അതീവ ഗുരുതരം. വെന്റിലേറ്ററിലെന്ന് റിപ്പോര്‍ട്ട്. സല്‍മാന്‍ റഷ്ദിയുടെ കരളിനും കൈ ഞരമ്പുകള്‍ക്കും ഒരു കണ്ണിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ ചൗതക്വ ഇന്‍സ്റ്റിട്യൂട്ടില്‍ സംസാരിക്കുമ്പോഴായിരുന്നു സല്‍മാന്‍ റഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് കയറി വന്ന അക്രമി സല്‍മാന്‍ റുഷ്ദിയുടെ കഴുത്തിന് കുത്തുകയായിരുന്നു. രണ്ട് തവണ കുത്തേറ്റതോടെ റുഷ്ദി വേദയിലേക്ക് വീണു. റുഷ്ദിയുടെ കഴുത്തിന്റെ വലതുഭാഗത്ത് ഉള്‍പ്പെടെ ഒന്നിലധികം കുത്തുകള്‍ ഉണ്ടായിരുന്നു. നിലത്ത് വീണ റുഷ്ദിയെ ഹെലികോപ്റ്റര്‍ വഴി് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ തിരിച്ചറിഞ്ഞു. ന്യൂജഴ്സി സ്വദേശി ഹാദി മറ്റാര്‍ (24) ആണ് പിടിയിലായത്. ഇയാള്‍ പരിപാടിക്കെത്തിയത് പ്രവേശനപാസുമായാണെന്ന് കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്നവര്‍ ഹാദിമിനെ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു. ആക്രമണത്തില്‍ വേദിയിലുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1988ല്‍ സാത്താനിക് വേഴ്‌സസ് എന്ന കൃതി പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇറാനിയന്‍ മതനേതാവ് അയത്തൊള്ള ക്വമൈനി അദ്ദേഹത്തെ വധിക്കാന്‍ ഫത് വാ പുറപ്പെടുവിച്ചിരുന്നു. അന്നു മുതല്‍ ജീവന് ഭീഷണി നേരിടുന്ന റുഷ്ദി പൊതുവേദികളില്‍ അപൂര്‍വമായാണ് എത്തിയിരുന്നത്. ബ്രിട്ടണില്‍ പൊലീസ് സുരക്ഷയിലാണ് കഴിഞ്ഞിരുന്നത്. ഇരുപത് വര്‍ഷം മുമ്പ് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി അദ്ദേഹം രചിച്ച മിഡ് നൈറ്റ് ചില്‍ഡ്രന്‍ എന്ന നോവല്‍ ബുക്കര്‍ പ്രൈസ് നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *