കരൂർ ആള്‍ക്കൂട്ട ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണമാവശ്യപ്പെട്ട് ടി വി കെ നല്കിയ ഹർജിയിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എന്‍ വി അന്‍ജാരിയ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പറയുക. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സുപ്രീംകോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്.
ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിലും സുപ്രീംകോടതി വിധി പറയും. കേസിൽ മദ്രാസ് ഹൈക്കോടതി, ഉത്തരവിറക്കിയ രീതിയെ സുപ്രീം കോടതി വാക്കാൽ ചോദ്യം ചെയ്തിരുന്നു.
കരൂർ ആള്‍ക്കൂട്ട ദുരന്തത്തിൽ 41 പേരുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് ടി വി കെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചാലെ കൃതൃമായ അന്വേഷണം നടക്കൂ എന്നാണ് ടിവികെ വാദിച്ചത്. അല്ലെങ്കിൽ തമിഴ്നാട് സർക്കാർ അന്വേഷണത്തിൽ ഇടപെടുമെന്നും പൊലീസിൻ്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും ടിവികെ കോടതിയിൽ നല്കിയ ഹര്‍ജിയില്‍ പറഞ്ഞു.
