ശബരിമലയിലെ സ്വർണക്കൊള്ളക്കേസ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചു. കേസിലെ സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദിൽ സ്വർണപ്പണി സ്ഥാപനം നടത്തുന്നയാളുമായ നാഗേഷിലേക്കാണ് ഇപ്പോൾ അന്വേഷണം നീളുന്നത്. നാഗേഷിന്റെ സഹായത്തോടെയാണ് പോറ്റി സ്വർണം മോഷ്ടിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘം സംശയിക്കുന്നത്.
ബെംഗളൂരുവിൽ നിന്ന് സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് നാഗേഷിന്റെ സ്ഥാപനത്തിലേക്കാണ്. ഏകദേശം ഒരു മാസത്തോളം നാഗേഷാണ് സ്വർണ്ണം കൈവശം വെച്ചത്. ഈ സ്വർണ്ണം പിന്നീട് സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചതും ഇയാളാണ്. ഈ സാഹചര്യത്തിൽ നാഗേഷിനെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
