കോഴിക്കോട്: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പ തിരിച്ചടവു മുടക്കുകയോ ചെയ്താൽ അതിന്റെ പേരിൽ വായ്പയെടുത്തവരിൽനിന്ന് ബാങ്കുകളും ധനകാര്യ കമ്പനികളും പിഴപ്പലിശ ഈടാക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന റിസർവ് ബാങ്ക് നിയമങ്ങൾ പാലിക്കാതെ നിരവധി സ്വകാര്യ സ്ഥാപനങ്ങൾ. 2024 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിലായ നിയമത്തെ കാറ്റിൽപ്പറത്തിയാണ് പല സ്‌ഥാപനങ്ങളും പ്രവർത്തിക്കുന്നത്. വായ്പ മുടങ്ങിയവർക്കെതിരെ ഗുണ്ടകളെ വിട്ട് ഭീഷണിയും ഉണ്ടെന്ന് പരാതി ഉയർന്നുവരുന്നുണ്ട്. ഇത്തരത്തിൽ പിഴപ്പലിശ രീതി കൂടാതെ, വീട്ടിൽകയറി ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ബാങ്ക് ഗുണ്ടകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ ഐസിഐസിഐ കോഴിക്കോട് വൈഎംസിഎ സോണൽ ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു.

വായ്പയുടെ അടവ് മുടങ്ങി എന്നത് കൊണ്ടുമാത്രം ഇടപാടുകാരുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നു കയറുവാൻ സ്ഥാപനങ്ങൾക്ക് അനുവാദമില്ല. സുതാര്യതയോടെയും മാന്യതയുടെയും മാത്രമേ ഇടപാടുകാരോട് പെരുമാറാവൂ. ഇക്കാര്യങ്ങളിൽ ഫെയർ പ്രാക്ടീസ് കോഡ് (fair practice code) അനുസരിക്കണം. ഇടപാടുകാരെ ശല്യം ചെയ്യുവാനോ ഭീഷണിപ്പെടുത്തുവാനോ പാടില്ല.

വായ്പ തിരിച്ചടവിനായി ബാങ്കുകൾ ഏതെങ്കിലും ഏജൻസികളെ ഏല്പിച്ചിട്ടുണ്ടെങ്കിൽ അവർ റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾക്കുള്ളിൽ (code of conduct) നിന്ന് വേണം പ്രവർത്തിക്കുവാൻ. ഇത്തരം ഏജൻസികളെ നിശ്ചയിച്ചിരിക്കുന്ന വിവരം അവരുടെ പേര് സഹിതം ഇടപാടുകാരെ അറിയിക്കണം. അങ്ങനെ അറിയിച്ചതിനുശേഷം മാത്രമേ ഏജൻസി ഇടപാടുകാരുമായി ബന്ധപ്പെടാവൂ. ഇങ്ങനെ ഏല്പിച്ചിട്ടുള്ള ഏജൻസികളുടെ വിവരങ്ങൾ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണം. ഏജൻസികൾ ഇടപാടുകാരെ ഫോണിൽ ബന്ധപ്പെടുമ്പോഴോ നേരിൽ കാണുമ്പോഴോ തങ്ങളുടെ ഐഡൻറിറ്റി ബോധ്യപ്പെടുത്തണം. രാവിലെ 8 മണിക്ക് ശേഷവും രാത്രി 7 മണിക്കു മുമ്പും മാത്രമേ ഇടപാടുകാരെ ഫോണിൽ വിളിക്കാവൂ. ഇടപാടുകാരുടെ സമ്മതമില്ലാതെ ഈ സമയപരിധിക്കപ്പുറം അവരെ ഫോണിൽ വിളിക്കാൻ പാടില്ല. ഏജൻസി ഇടപാടുകാരെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ അക്കാര്യം ഇടപാടുകാരെ മുൻകൂട്ടി അറിയിക്കണം. മുൻകൂട്ടി അറിയിക്കാതെ ഇടപാടുകാരുടെ വീട്ടിൽ ചെല്ലരുത് തുടങ്ങിയ കർശന മാർഗ്ഗനിർദേശങ്ങൾ ആർബിഐ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പലപ്പോഴും ഇത് പ്രാവർത്തികമാകുന്നില്ല. നിരവധിയായ കുടുംബങ്ങളാണ് ഇത്തരം ഏജൻസികളുടെ ഭീഷണിക്കു മുന്നിൽ നിസ്സഹായരായി നിൽക്കേണ്ടി വരുന്നത്. ഇതിനെതിരെ പ്രതിഷേധിച്ചാണ് നൗഷാദ് തെക്കയിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *