പാലക്കാട്: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിന് നേരെ കെ.പി. ശശികലയുടെ ഭീഷണിയെന്ന് പരാതി. അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കെതിരെ കുടുംബം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ, മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് പറഞ്ഞ് ശശികല ഭീഷണിപ്പെടുത്തിയെന്ന് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ വെളിപ്പെടുത്തി.
മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ പിൻവലിപ്പിക്കാൻ തയ്യാറാകുകയാണ് ശശികല ചെയ്യേണ്ടതെന്ന് അനിൽകുമാർ വ്യക്തമാക്കി. മരിച്ച കുട്ടിയോടും ദുഃഖിതരായ കുടുംബത്തോടും അൽപ്പം മര്യാദ കാണിക്കാൻ തയ്യാറാകണമെന്നും, അതിനുശേഷമേ മാനനഷ്ടവുമായി മുന്നോട്ടു ഇറങ്ങുന്നതിൽ അർത്ഥമുള്ളൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. താൻ ഉന്നയിച്ച കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ മാധ്യമങ്ങളിലൂടെ അത് പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
