തിരുവനന്തപുരം: വീണ വിജയന്‍റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷിക്കാനെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (3) ടാനിയ മറിയം ജോസിന്‍റേതാണ് ഉത്തരവ്.

ജാമ്യവ്യവസ്ഥയുടെ ഭാഗമായി സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ സി.പി.എം. പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും കേസിലെ 16-ാം പ്രതിയുമായ ഐ.പി. ബിനു, ഒന്നാം പ്രതി നിധിന്‍ രാജ് എന്നിവരാണ് പൊലീസുകാര്‍ക്കൊപ്പം ഓണം ആഘോഷിച്ചത്. ഇവര്‍ ഊഞ്ഞാലാടുന്നതിന്‍റെയും ചെണ്ടകൊട്ടുന്നതിന്‍റെയും റീല്‍സുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. പ്രതികള്‍ പോലീസിലുള്ള തങ്ങളുടെ സ്വാധീനം പ്രകടമാക്കുകയാണെന്നും, ഇത്തരം പ്രവൃത്തികള്‍ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ പ്രധാനമായും വാദിച്ചത്.

എന്നാല്‍, ഓണാഘോഷത്തിന്‍റെ പ്രധാന വിനോദമായ ഊഞ്ഞാലാടിയത് തെറ്റാണെന്ന് അറിയില്ലായിരുന്നുവെന്ന വാദമാണ് പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്നത് കേവലം ആരോപണം മാത്രമാണെന്നും, ഇതിന് തക്കതായ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. യാതൊരു തെളിവുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രതിഭാഗത്തിന്‍റെ ഈ വാദങ്ങള്‍ മുഖവിലയ്ക്കെടുത്താണ് പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളാന്‍ കോടതി തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *