ഗെയിം, സോഷ്യൽ മീഡിയ, ലഹരി തുടങ്ങി വിവിധ അഡിക്ഷനുകൾക്കെതിരെ വേറിട്ട സന്ദേശവുമായി ബ്രോഡ്കാസ്റ്റ് വി.ആർ. ഷോ
കോഴിക്കോട്: :പരസ്പരം സംസാരിക്കുകയും കൈകോർത്തുനിൽക്കുകയും ചെയ്തിരുന്ന മനുഷ്യബന്ധങ്ങളുടെ നഗരമായിരുന്നു ഒരുകാലത്ത് കോഴിക്കോട്. സന്തോഷവും സൗഹൃദവും നിറഞ്ഞുനിന്നിരുന്ന ആ സാമൂഹികാന്തരീക്ഷം ഇന്ന് ഗെയിമുകളുടെയും മൊബൈൽ സ്ക്രീനുകളുടെയും സോഷ്യൽ മീഡിയയുടെയും ലഹരിമരുന്നുകളുടെയും മറ്റ് ആസക്തികളുടെയും പിടിയിലമരുകയാണ്. പരസ്പരം സംസാരിക്കാൻ പോലും സമയം കണ്ടെത്താനാകാത്ത പുതിയ തലമുറയ്ക്ക് മനുഷ്യബന്ധങ്ങളുടെ വില തിരിച്ചറിയാനും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേരുകളിലേക്ക് മടങ്ങാനുമുള്ള ശക്തമായ സന്ദേശവുമായി കോഴിക്കോട് കടപ്പുറത്ത് വേറിട്ട ബോധവൽക്കരണ പരിപാടി അരങ്ങേറി.
[ജെൻഎം ] മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് കേരള(എം എസ് എം) സംഘടിപ്പിച്ച ജനറേഷനൽ സ്റ്റുഡന്റ്സ് കോൺഫറൻസിന്റെ ഭാഗമായി ‘ദി ലോസ്റ്റ് സിറ്റി’ എന്ന ആശയത്തെ ആസ്പദമാക്കി ഒരുക്കിയ ബ്രോഡ്കാസ്റ്റ് വി.ആർ. ഷോയാണ് ശ്രദ്ധേയമായത്.
കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ, ഓൺലൈൻ ഗെയിമുകളോടുള്ള അമിതാസക്തി, ലഹരിമരുന്നുകളുടെ ഉപയോഗം, അശ്ലീല ദൃശ്യങ്ങളോടുള്ള അടിമത്തം തുടങ്ങി വിവിധ തരത്തിലുള്ള ആസക്തികൾ വ്യക്തിജീവിതത്തിലും കുടുംബബന്ധങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പരിപാടിയിലൂടെ അവതരിപ്പിച്ചു.
മനുഷ്യബന്ധങ്ങൾ തിരിച്ചുപിടിക്കുകയാണ് ആസക്തികൾക്കുള്ള ഏറ്റവും വലിയ മറുമരുന്നെന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവെച്ചത്. മുഖത്ത് നോക്കി സംസാരിക്കുമ്പോൾ ഒരു ചിരി വിടരുന്നു, ആ ചിരിയിലൂടെ ജീവിതത്തിൽ വെളിച്ചം പരക്കുന്നു. നമുക്ക് സംസാരിച്ചുകൊണ്ടേയിരിക്കാം, സ്നേഹിച്ചുകൊണ്ടേയിരിക്കാം എന്ന ഹൃദയസ്പർശിയായ സന്ദേശവും പരിപാടിയുടെ ഭാഗമായി.
കണക്ഷൻ വാല്യൂ അഥവാ മനുഷ്യർ തമ്മിലുള്ള യഥാർഥ ബന്ധങ്ങളുടെ മൂല്യം എന്താണെന്ന് അനുഭവവേദ്യമാക്കുന്ന രീതിയിലാണ് പരിപാടി ഒരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ കോഴിക്കോട് കടപ്പുറത്ത് നടന്ന പരിപാടി കാണാനെത്തി.
സാങ്കേതികവിദ്യയുടെ ലോകത്ത് ജീവിക്കുമ്പോഴും മനുഷ്യനെ മനുഷ്യനുമായി ബന്ധിപ്പിക്കുന്ന സ്നേഹവും സൗഹൃദവും കുടുംബബന്ധങ്ങളും നഷ്ടപ്പെടരുതെന്നും ആസക്തികളുടെ ലോകത്തുനിന്ന് മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയിലേക്ക് തിരിച്ചുനടക്കണമെന്നും ഓർമിപ്പിക്കുന്നതായിരുന്നു ‘ദി ലോസ്റ്റ് സിറ്റി’
