പനയമ്പാടം: പാലക്കാട് പനയമ്പാടത്തിന് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം പൊതുദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. കരിമ്പനക്കല്‍ ഹാളിലാണ് പൊതുദര്‍ശനം. പ്രിയ കുഞ്ഞുങ്ങളെ അവസാനമായി ഒരു നോക്കു കാണാന്‍ കരിമ്പനക്കല്‍ ഹാളിലേക്ക് നാട് ഒഴുകിയെത്തുകയാണ്. അങ്ങേയറ്റം ഉള്ളുലക്കുന്ന ദൃശ്യങ്ങളാണ് കുട്ടികളുടെ വീടുകളില്‍ നിന്നു പൊതു ദര്‍ശനം നടക്കുന്ന ഹാളില്‍ നിന്നും കാണാനാകുന്നത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ദുഖം താങ്ങാനാകാതെ ഒരു നാടൊന്നാകെ പൊട്ടിക്കരയുകയാണ്. ഉറങ്ങിക്കിടക്കുന്ന കൂട്ടുകാരെ വിളിച്ചുണര്‍ത്തുന്നുവെന്നോണം പേര് വിളിച്ച് തേങ്ങുന്ന സഹപാഠികളുടെയും കൂട്ടുകാരുടെയും ദൃശ്യം കണ്ടുനില്‍ക്കാനാകുന്നതല്ല.
വിദ്യാര്‍ത്ഥിനികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ്, എംഎല്‍എമാരായ കെ ശാന്തകുമാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് ജില്ലാ കളക്ടര്‍ ഡോ. എസ് ചിത്ര എന്നിവര്‍ മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍ കുട്ടിയാണ് ആദരം അര്‍പ്പിച്ചത്. പത്ത് മണിവരെയാണ് പൊതുദര്‍ശനം. ഇതിന് ശേഷം തുപ്പനാട് ജുമാ മസ്ജിദില്‍ നാല് പേരുടേയും മൃതദേഹങ്ങള്‍ ഒരുമിച്ച് ഖബറടക്കും.