കോഴിക്കോട്: നാഷണല്‍ ലീഗ് നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലെ പെരുമണ്ണയില്‍ നടന്ന ഫ്‌ളാഗ് മാര്‍ച്ചും കുടുംബ സംഗമവും സംഘടനയുടെ ശക്തി പ്രഖ്യാപനമായി. “വെറുപ്പിന്റെ വ്യാപാരികളെ ചെറുത്തുതോല്‍പ്പിക്കുക” എന്ന മുദ്രാവാക്യം ഉയര്‍ത്തിയ മാര്‍ച്ച്, ഇന്ത്യയെ സംഘപരിവാര്‍ രാഷ്ട്രമാക്കാനുള്ള ആര്‍എസ്എസ് നീക്കങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായും മാറി.
സംഘപരിവാര്‍ വര്‍ഗീയതയെയും ചില വിഭാഗങ്ങളുടെ വംശീയതയെയും ചെറുത്തുതോല്‍പ്പിക്കാന്‍ മതനിരപേക്ഷ സമൂഹം കരുത്താര്‍ജ്ജിക്കണമെന്ന് മാര്‍ച്ച് വിളംബരം ചെയ്തു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷങ്ങളെ ഉന്‍മൂലനം ചെയ്യാനും നടക്കുന്ന ശ്രമങ്ങളെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കണമെന്ന ആവശ്യം കുടുംബ സംഗമത്തില്‍ ശക്തമായി ഉയര്‍ന്നു.
പരിപാടി നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുള്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. മെഹബൂബ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷത വഹിച്ചു.
ഷര്‍മദ് ഖാന്‍, സാലിഹ് ശിഹാബ് തങ്ങള്‍, ആബിദ് അമ്പിലോളി, ആഷിഖ് കള്ളിക്കുന്ന്, സെയ്ദാലി പാലാഴി, നാസര്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കി.
