ആലപ്പുഴയിൽ വീണ്ടും തെരുവുനായ ആക്രമണം. ചേർത്തല തണ്ണീർമുക്കം കട്ടച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ ആറുപേർക്ക് പരുക്കേറ്റു. രണ്ടുപേർക്കു മുഖത്താണ് പരുക്ക്. ഇവരെ വണ്ടാനം സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കാണ് നായയുടെ ആക്രമണമുണ്ടായത്. കട്ടച്ചിറ സ്വദേശികളായ അനന്ദവല്ലി (71), രാധാകൃഷ്ണൻ (58), സദാനന്ദൻ (70), അർജുനൻ (59), ലളിത, ഉഷ എന്നിവർക്ക് നായയുടെ കടിയേറ്റു. സദാനന്ദന്റെ കണ്ണിന് പരുക്കുണ്ട്. ഉഷ ഓടുന്നതിനിടെ വീണു കൈ ഒടിഞ്ഞു. പരുക്കേറ്റവർ കോട്ടയം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്. ആക്രമിച്ച നായയെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു.ജില്ലയിലെ ചെറുതന, വീയപുരം പഞ്ചായത്തുകളിലായി കഴിഞ്ഞദിവസം തെരുവുനായ ആറുപേരെ കടിച്ചിരുന്നു. രാമങ്കരിയിൽ മുൻ പഞ്ചായത്തംഗമായ വേഴപ്ര കോയിക്കര പത്തിൽവീട്ടിൽ ആനിയമ്മ സ്കറിയയുടെ കൈവിരലിന്റെ ഭാഗം നായ കടിച്ചെടുത്തു.തിങ്കളാഴ്ച രാത്രി പുന്നൂർ പറമ്പിൽ നാസിമയുടെ മകളായ അൻസിറ(12)യ്ക്കാണ് ആദ്യം നായയുടെ കടിയേറ്റത്. വീട്ടിലെ നായയ്ക്ക് ഭക്ഷണം നൽകാൻ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. തുടർന്ന് ഓടിപ്പോയ നായ ചൊവ്വാഴ്ച രാവിലെയാണു മറ്റ് അഞ്ചുപേരെ കടിച്ചത്. ഒരു ആടിനും നായയുടെ കടിയേറ്റിരുന്നു. പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയ നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *