രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് രണ്ട് ദിവസത്തിനകം വ്യക്തമായേക്കും. ഇതുസംബന്ധിച്ച തീരുമാനവും ഔദ്യോഗിക പ്രഖ്യാപനവും വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നേതാക്കള്‍ക്കിടയില്‍ സജീവമാണ്. ഇതിനിടെ, രാഹുലിന്‍റെ ഒഴിവില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ദേശീയ നേതാക്കള്‍ക്കിടയിലും ശക്തമായി. പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കണമെന്ന പ്രമേയം കോണ്‍ഗ്രസ് അവതരിപ്പിച്ചെങ്കിലും ഇക്കാര്യത്തിലും രാഹുല്‍ ഗാന്ധി മനസ് തുറന്നിട്ടില്ല.രാഹുല്‍ വയനാട് ഒഴിഞ്ഞേക്കുമെന്ന സൂചന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. ബിജെപിയോട് പോരാടാന്‍ വടക്കേ ഇന്ത്യയില്‍ തന്നെ നില്‍ക്കണമെന്ന ആവശ്യക്കാരാണ് പാര്‍ട്ടിയില്‍ ഏറെയുമുള്ളത്. ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ രാഹുല്‍ വയനാട്ടിലേക്ക് പോകുന്നതുകൊണ്ട് പാര്‍ട്ടിക്ക് വലിയ ഗുണവുമില്ലെന്ന വിലയിരുത്തലമുണ്ട്. രാഹുല്‍ വയനാട് ഒഴിഞ്ഞാല്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷത്തിന്‍റെയും നിലപാട്.പ്രിയങ്ക ഗാന്ധി വന്നാല്‍ രണ്ട് കൈയും നീട്ടി സ്വീകരിക്കുമെന്നാണ് കെപിസിസി വ്യക്തമാക്കുന്നത്.ഭൂരിപക്ഷം രാഹുല്‍ ഗാന്ധിയേക്കാള്‍ ഉയരാനും സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.വയനാട്ടിലും റായ്ബറേലിയിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തീരുമാനം വരുമെന്ന രാഹുലിന്‍റെ പ്രതികരണം ആ ദിശയില്‍ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എന്നാല്‍, മോദി മന്ത്രിസഭയിലെ കുടുംബാധിപത്യത്തെ രാഹുല്‍ കണക്കറ്റ് വിമര്‍ശിച്ചതിന് പിന്നാലെ ആ പ്രഖ്യാപനം ഉണ്ടാകുമോയെന്ന ചോദ്യവം ഉയരുന്നുണ്ട്.മത്സരിക്കാനില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പ്രിയങ്ക പിന്നോട്ട് പോയിട്ടില്ലെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേ സമയം സ്പീക്കര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും. പാര്‍ട്ടിയിലെയും, ഇന്ത്യ സഖ്യത്തിലെയും നേതാക്കളുടെ സമ്മര്‍ദ്ദത്തോട് രാഹുല്‍ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. തല്‍ക്കാലം മറ്റ് പേരുകളൊന്നും ചര്‍ച്ചയിലില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *