കോട്ടയം: മദ്യനയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. മദ്യം വില്‍പന സര്‍ക്കാരിന്റെ പ്രധാന വരുമാനമാകുന്നതും മദ്യമൊഴുക്കി ലാഭം കൊയ്യുന്നതും ശരിയല്ല. ലഹരി വിരുദ്ധ സന്ദേശം സ്‌കൂള്‍ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. എന്നാല്‍ മുറുക്കാന്‍ കടകള്‍ പോലെ മാദ്യശാലകള്‍ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാന്‍ കഴിയുമോ എന്നും ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ചോദിച്ചു.
പൂര്‍ണമായും മദ്യം നിര്‍ത്താനുള്ള നടപടി വേണം. കോടി കണക്കിന് നികുതി കുടിശിക വരുത്തുന്ന വമ്പന്‍ കോര്‍പ്പറേറ്റുകളുടെ പണം പിരിച്ചെടുക്കണം . അത് കൃത്യമായി പിരിച്ചെടുത്താല്‍ ഇവിടെ ഒരു ബ്രൂവറിയും വേണ്ട . വമ്പന്‍മാരുടെ നികുതി പിരിച്ചെടുക്കാതെ പാവപ്പെട്ടവന്റെ നികുതി പിരിച്ചെടുക്കാന്‍ തിടുക്കം കാണിക്കുന്നു . റോഡിനും പാലത്തിനും എല്ലാം നികുതി, പക്ഷെ റോഡും പാലവും പലതും തകരുന്നു . ഇത്തരം നിര്‍മാണത്തില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.