പുനലൂര്‍: കൊല്ലം പുനലൂരിലെ വയോജന കേന്ദ്രത്തില്‍ നടന്നത് ഗുരുതര കുറ്റകൃത്യങ്ങളെന്ന് കണ്ടെത്തല്‍. അറസ്റ്റിലായ ബ്രഹ്‌മദാസ് 60 വയസ് കഴിഞ്ഞ വയോധികകളെ ക്രൂരമായാണ് പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. കുളിമുറിയില്‍ രഹസ്യകാമറ വെച്ച് പ്രതി വയോധികരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. മദ്യം നല്‍കിയും ബലം പ്രയോഗിച്ചും പലതവണ പീഡനങ്ങള്‍ നടന്നു. തെന്മല പഞ്ചായത്തിലെ പുനര്‍ജനി ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തിലെ അന്തേവാസികളായ സ്ത്രീകള്‍ നടത്തിപ്പുകാരനായ ബ്രഹ്‌മദാസിനെതിരെ ഗുരുതര മൊഴികളാണ് നല്‍കിയിരിക്കുന്നത്.

2 പരാതികളിലാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 62 വയസുകാരിയായ അന്തേവാസിയുടെ പരാതിയിലാണ് രണ്ടാമത്തെ കേസ്. പല തവണ സ്ഥാപനത്തില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് ഇവരുടെ മൊഴി. നിര്‍ബന്ധിച്ചു റൂമില്‍ കൊണ്ടുപോയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. മദ്യം നല്‍കിയും പീഡിപ്പിക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസങ്ങളില്‍ പോലും ലൈംഗിക പീഡനം നേരിട്ടെന്നും 62 കാരി പൊലീസിനോട് പറഞ്ഞു. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചിട്ടുണ്ട്. 62 കാരിയെ പ്രതി റൂമിലേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഭാര്യയുടെ മരണശേഷമാണ് പ്രതി ബ്രഹ്‌മദാസ് അന്തേവാസികളോട് ലൈംഗികാധിക്രമം തുടങ്ങിയതെന്ന് പൊലിസ് പറഞ്ഞു. കൂടുതല്‍ പേരെ ലൈംഗിക ചൂഷണത്തിനിരയാക്കിയുട്ടുണ്ടോ എന്നതില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. 2018ല്‍ തുടങ്ങിയ സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സൂചനയുണ്ട്.

72കാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിലെ വയോധികരായ സ്ത്രീകള്‍ സമീപത്തെ വീടുകളിലെത്തിയാണ് ദുരനുഭവം തുറന്ന് പറഞ്ഞത്. വിവരം തെന്മല പൊലീസിനെ അറിയച്ചതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി. അന്തേവാസികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പത്തോളം പേരാണ് ഇവിടെ താമസിക്കുന്നത്. സ്ഥാപനത്തിന്റെ ഉടമയായിരുന്ന സ്ത്രീ മരിച്ചതിന് പിന്നാലെയാണ് ബ്രഹ്‌മദാസ് നടത്തിപ്പ് ചുമതല ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *