എൻഎസ്എസിനെ പുകഴ്ത്തി പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്.ആര്‍എസ്എസ് അല്ല എന്‍എസ്എസ്. മതനിരപേക്ഷ രാഷ്ട്രീയത്തോട് കൂറു പ്രകടിപ്പിച്ച നേതൃത്വമാണ് എന്‍എസ്എസിന്റേത്. ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. ബിജെപി അനുഭാവം പുലര്‍ത്തുന്നവരെ അദ്ദേഹം ഇറക്കി വിട്ടിട്ടുണ്ട് എന്നും ജെയ്ക് പറഞ്ഞു. സുരേഷ് ഗോപിയെ ഇറക്കി വിട്ട സംഭവം എടുത്ത് പറഞ്ഞായിരുന്നു ജെയ്കിന്റെ ഈ പരാമർശം.നേരത്തെ മതനിരപേക്ഷ രാഷ്ട്രീയത്തെ എൻഎസ്എസ് ഉയർത്തി പിടിക്കുന്നുവെന്ന് സുകുമാരൻ നായരെ സന്ദർശിച്ചതിന് ശേഷം ജെയ്ക് പ്രസ്താവിച്ചിരുന്നു. സിപിഐഎമ്മിനോട് എൻഎസ്എസിന് വിയോജിപ്പ് ഉണ്ടോ എന്നത് വിഷയമല്ല. വർഗീയതയെ പുറത്ത് നിർത്തിയ പ്രസ്ഥാനമാണ് എൻഎസ്എസ്. മതനിരപേക്ഷമായി പ്രവർത്തിക്കുന്ന ഏത് സാമുദായിക പ്രസ്ഥാനത്തിനും ഇടതുപക്ഷത്തോട് വിയോജിപ്പിനേക്കാൾ യോജിപ്പിന്റെ കാരണമാണുള്ളതെന്നും ജെയ്ക് അഭിപ്രായപ്പെട്ടിരുന്നു.ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ സജീവ പര്യടന രംഗത്തേക്ക് ഇറങ്ങുകയാണ് ജെയ്ക് സി തോമസ്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കാണ് പ്രചാരണത്തിന്റെ മുഖ്യ ചുമതല നല്‍കിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും സംസ്ഥാന കമ്മിറ്റി അംഗങ്ങളും യോഗങ്ങളില്‍ സംസാരിക്കും. വൈകുന്നേരം നടക്കുന്ന തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടന യോഗത്തില്‍ കേന്ദ്ര നേതാക്കളടക്കം പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *