കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ ചൂരല്‍മലയില്‍ വിദഗ്ധ സംഘത്തിന്റെ പരിശോധന ഇന്നും തുടരും. ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധനയാണ് ഇന്നും തുടരുക. ആറു സോണുകള്‍ കേന്ദ്രീകരിച്ചാണ് ഭാഗിക പരിശോധന നടത്തുക. ഇന്നലെ ഉച്ച വരെയാണ് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ദുരന്ത മേഖലയില്‍ പ്രതികൂല കാലവസ്ഥയായതിനാല്‍ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിക്കുകയായിരുന്നു.
ഈ മാസം 22 ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വേണ്ടി വന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് സംഘത്തിന്റെ തീരുമാനം. പുനരധിവാസത്തിന് സര്‍ക്കാര്‍ കണ്ടുവെച്ചിരിക്കുന്ന ഭൂമിയിലും വിദഗ്ധ സംഘം പരിശോധന നടത്തും. സിഡബ്ല്യുആര്‍എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ ടി കെ ദൃശ്യ, സൂറത്ത്കല്‍ എന്‍ഐടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.
ഇന്നലെ വൈകീട്ട് ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കനത്ത മഴ പെയ്തതോടെ, ചൂരല്‍മല പുത്തുമല എന്നിവിടങ്ങളില്‍ നിന്നായി 83 പേരെ മാറ്റി പാര്‍പ്പിച്ചിരുന്നു. തൃക്കൈപ്പറ്റ സ്‌കൂളിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടത്തും. കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്.ബെയ്ലി പാലത്തിന് സമീപം നിര്‍മിച്ച താല്‍ക്കാലിക പാലം പൊളിച്ചു നീക്കുന്നതിനുള്ള ശ്രമം തുടങ്ങി.