കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ.കെ. ലതിക പങ്കുവെച്ചത് തെറ്റായിപ്പോയെന്ന് കെ.കെ. ശൈലജ എം.എല്‍.എ. സ്‌ക്രീന്‍ ഷോട്ട് എന്തിനാണ് ഷെയര്‍ ചെയ്‌തെന്ന് കെ.കെ. ലതികയോട് ചോദിച്ചിരുന്നു. ഇക്കാര്യം പൊതുസമൂഹം അറിയണ്ടേയെന്നായിരുന്നു മറുപടി.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ആരാണെങ്കിലും പിടിക്കപ്പെടണം. യഥാര്‍ഥ ഇടത് നയമുള്ളവര്‍ ഇത് ചെയ്യില്ല. പൊലീസ് റിപ്പോര്‍ട്ടിലെ സൈബര്‍ ഗ്രൂപ്പുകളെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞതാണ്.
പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപയോഗിച്ച് ചിലര്‍ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. കാഫിര്‍ പോസ്റ്റ് മാത്രമല്ല മാധ്യമങ്ങള്‍ അന്വേഷിക്കേണ്ടത്. തനിക്കെതിരെ നിരവധി വ്യാജ പ്രചരണങ്ങള്‍ ഉണ്ടായി.ഇക്കാര്യത്തിലും കേസുകളുണ്ട്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് സംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. പൊലീസ് കൃത്യമായ വിവരശേഖരണം നടത്തണം. ഇത് നിര്‍മച്ചത് ആരാണെങ്കിലും ഇടതുപക്ഷത്തിനെതിരാണ്. വ്യാജപ്രചാരണം നടത്തിയ എല്ലാവര്‍ക്കുമെതിരെ ഒരുപോലെ കേസെടുക്കണമെന്നും കെ.കെ. ശൈലജ ആവശ്യപ്പെട്ടു.